മുസ്‌ലിം ലീഗ് നേതാവ് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു
തളിപ്പറമ്പ്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (83) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നോടെ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വസതിയിലായിരുന്നു അന്ത്യം.
1997-2000 കാലഘട്ടത്തില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാനായിരുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലാ മുസ്‌ലിം എജ്യുക്കേഷന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. തളിപ്പറമ്പിലെ മുസ്‌ലിം സമുദായാംഗങ്ങള്‍ക്കിടയിലെ ആദ്യ ബിരുദധാരിയായ ഇദ്ദേഹം തളിപ്പറമ്പിന്റെ വിദ്യാഭ്യാസ സാമൂഹിക ഉന്നതിക്കായി നിരവധി സംഭാവനകള്‍ നല്‍കിയിരുന്നു.
തളിപ്പറമ്പിലെ പ്രശസ്തമായ കക്കോട്ടകത്ത് വളപ്പില്‍ പുതിയപുരയില്‍ തറവാട്ടിലെ മുതിര്‍ന്ന കാരണവരാണ്. 1951 ല്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തളിപ്പറമ്പ് ടൗണ്‍ എം.എസ്.എഫ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശം. 1959ല്‍ എറണാകുളത്ത് സീതിസാഹിബിന്റെ വസതിയില്‍ ചേര്‍ന്ന എം.എസ്.എഫിന്റെ ആദ്യ സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി 1968ല്‍ ചുമതലയേറ്റു. തളിപ്പറമ്പ് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കേരള സംസ്ഥാന ഹജ്ജ് വളന്റിയര്‍, കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍, തളിപ്പറമ്പ് കേയീ സാഹിബ് ട്രെയിനിങ് കോളജ് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍, തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഉള്‍പ്പെടെയുള്ള വിവിധ മസ്ജിദുകളുടെ ഭാരവാഹിയായും കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍: സി.പി ആയിഷ, കെ.വി കുഞ്ഞാമിന. മക്കള്‍: സി.പി ബഷീര്‍, കെ.വി നസീമ, കെ.വി മുംതാസ്, കെ.വി സഫിയ. മരുമക്കള്‍: കെ.പി റഹ്മത്ത്, കെ.വി മുഹമ്മദ് കുഞ്ഞി (എസ്.പി ഓഫിസ്, കാസര്‍കോട് ), പി.പി അബ്ദുല്‍ ഖാദര്‍ (ഇരിക്കൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ), വി.കെ ഫൈസല്‍ (ഷോപ്രിക്‌സ് പാര്‍ട്ണര്‍, തളിപ്പറമ്പ് ). സഹോദരങ്ങള്‍: കെ.വി അബൂബക്കര്‍ ഹാജി (തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്), കെ.വി മുസ്തഫ (വളപട്ടണം), കെ.വി ഖദീജ, കെ.വി കുഞ്ഞാത്തു, കെ.വി റാബിയ, പരേതരായ കെ.വി നഫീസ, കെ.വി സൈനബ, കെ.വി ആമിന, കെ.വി മറിയം.
മൃതദേഹം വ്യാഴാഴ്ച രാവിലെ ഫാറൂഖ് നഗറിലെ വസതിയിലും എട്ടുമുതല്‍ സയ്യിദ് നഗര്‍ ജുമാമസ്ജിദ് അങ്കണത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. 11.30ന് തളിപ്പറമ്പ് വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."