മോദിയുടെ സന്ദര്‍ശനം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു: ബി.ജെ.പി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. തലസ്ഥാനത്ത് ഉദ്യോഗസ്ഥ മീറ്റിങില്‍ മാത്രം പങ്കെടുപ്പിച്ച് മോദിയെ മടക്കി അയക്കാനായിരുന്നു ശ്രമം.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വേണ്ടത്ര പഠനമോ ചര്‍ച്ചയോ നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് സമര്‍പ്പിച്ചത്. 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതില്‍ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനായി പറഞ്ഞിരിക്കുന്നത് വെറും 32.5 കോടി രൂപമാത്രം. മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായവരുടെയും കുടുംബത്തിന് നല്‍കാനേ ഈ തുക തികയൂ. തട്ടിക്കൂട്ടിയെടുത്ത കണക്കുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ്.
പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തീര്‍ത്തും അപഹാസ്യമാണെന്നും ചെന്നിത്തലക്കും കോടിയേരിക്കും ജനത്തെ നേരിടാനുള്ള ജാള്യതയുണ്ടെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."