HOME
DETAILS

കാര്‍ഡെടുത്തവന്‍ കാര്‍ഡാല്‍

  
backup
December 20 2017 | 22:12 PM

jacob-thomas-vigilance-spm-today-articles

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ വിജിലന്‍സ് തലപ്പത്ത് അവരോധിതനായപ്പോള്‍ ജേക്കബ് തോമസ് എന്ന ഡി.ജി.പിയുടെ മുഖത്തു തെളിഞ്ഞ ചിരി ഒന്നു കാണേണ്ടതായിരുന്നു. ആ ചിരി അദ്ദേഹം മറച്ചുവച്ചില്ലെന്നു മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കും തദ്വാരാ ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ പൂര്‍ണമായും വെളിപ്പെടുത്തുകയും ചെയ്തു. തന്നെയും ഈ നാടിനെയും ഗ്രസിച്ച എല്ലാ ദോഷവും അവസാനിച്ചുവെന്നായിരുന്നു ജേക്കബ് തോമസിന്റെ തുറന്നുപറച്ചില്‍.


'കഴിഞ്ഞ യു.ഡി.എഫ് കാലത്തു സംസ്ഥാനത്ത് അപ്പടി അഴിമതിയായിരുന്നു. രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലുമെല്ലാം അഴിമതി കൊടികുത്തി വാഴുകയായിരുന്നു. താനൊഴികെയുള്ള എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥരും അന്നത്തെ ചീഫ് സെക്രട്ടറിയൊഴികെയുള്ള സമസ്ത ഐ.എ.എസ് ഉദ്യോഗസ്ഥരും കടുത്ത അഴിമതിക്കാരാണ്. അത്തരം അഴിമതിയുടെ ഭാണ്ഡമെല്ലാം തൂത്തുവാരി നാടിനെ രക്ഷിക്കാനാണ് താന്‍ വിജിലന്‍സ് തലപ്പത്ത് അവതരിച്ചിരിക്കുന്നത് 'എന്ന മട്ടിലായിരുന്നു ജേക്കബ് തോമസിന്റെ അവകാശവാദം.


പലരും അത്തരം വീമ്പുപറച്ചിലൊക്കെ നടത്തും. അങ്ങനെ പറയുന്നതില്‍ പക്വതയുടെ നേരിയൊരംശമെങ്കിലും കാണും. ജേക്കബ് തോമസിന്റെ കാര്യത്തില്‍ അതു തീരെയുണ്ടായില്ല. താന്‍ അഴിമതിക്കാര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും വിജിലന്‍സ് വകുപ്പ് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അതു കേള്‍ക്കുന്നവര്‍ക്ക് ആദരവു തോന്നുമായിരുന്നു. എന്നാല്‍, ജേക്കബ് തോമസിന്റെ വാക്കും പ്രവൃത്തിയും തുടക്കത്തില്‍ത്തന്നെ മറ്റുള്ളവരില്‍ ചിരിയാണു വരുത്തിയത്.


ഫുട്‌ബോള്‍ മത്സരത്തിലെ റഫറിമാരെപ്പോലെ കീശയില്‍ ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും വച്ചാണ് ജേക്കബ് തോമസ് വിജിലന്‍സില്‍ ചുമതലയെടുക്കാനെത്തിയത്. അതു പോക്കറ്റില്‍വച്ച് ആവശ്യമുള്ള സമയത്തു പുറത്തെടുത്തിരുന്നെങ്കില്‍ ചിതമുണ്ടായിരുന്നു. എന്നാല്‍, പോക്കറ്റിലുള്ള കാര്‍ഡ് രണ്ടും പുറത്തെടുത്തു മാധ്യമങ്ങളുടെ കാമറക്കണ്ണുകള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടി സ്വയം ചെറുതാവുകയാണു ചെയ്തത്. (കോമാളിയായി എന്ന വാക്ക് മാന്യതയുടെ പേരില്‍ ഉപയോഗിക്കുന്നില്ല.)


അതിനുശേഷം കാട്ടിക്കൂട്ടിയതെന്തൊക്കെയായിരുന്നു. താന്‍ പറഞ്ഞപോലെ സകല ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നു വരുത്താന്‍ എല്ലാവരുടെയും പിറകെ പാഞ്ഞു. ജേക്കബ് തോമസ് പറയുന്നപോലെ അവരെല്ലാം ഒരുപക്ഷേ അഴിമതിക്കാരായിരിക്കാം. അതു തെളിവുസഹിതം പിടികൂടി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണു ചെയ്യേണ്ടിയിരുന്നത്. അതിനു പകരം പലരുടെയും വീട്ടില്‍ മിന്നല്‍ പരിശേധന നടത്താന്‍ ഉദ്യോഗസ്ഥരെ അയച്ചു.


പയ്യെ തിന്നാല്‍ പനയും തിന്നാമെന്ന ചൊല്ല് ജേക്കബ് തോമസ് എന്ന ആവേശത്തൊഴിലാളി മനസ്സിലാക്കിയില്ല. അത് തിരിച്ചടിച്ചു. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റിനെ വരേ അഴിമതിക്കുരുക്കില്‍ പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സിവില്‍സര്‍വീസുകാര്‍ ഒന്നടങ്കം ഇളകി. ജേക്കബ് തോമസ് എന്ന കാര്‍ഡുകള്‍ പിടിച്ചു നടക്കുന്നയാളോടുള്ള വിരോധം സര്‍ക്കാരിനു നേരേ അവര്‍ പരോക്ഷമായി നടപ്പാക്കാന്‍ ശ്രമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ സര്‍ക്കാര്‍ കിടുങ്ങി. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നു പറഞ്ഞ് ഹരിശ്രീ കുറിച്ച പിണറായി വിജയന് എല്ലാ ഓഫീസുകളിലും ഫയലുകള്‍ കൂമ്പാരമാകുന്നതു നോക്കിനില്‍ക്കേണ്ടിവന്നു.


സത്യത്തില്‍ ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ കയറൂരി വിട്ടതാണ് പിണറായി സര്‍ക്കാരിനു സംഭവിച്ച ആദ്യ പരാജയം. ജേക്കബ് തോമസ് അഴിമതിക്കാരനല്ലായിരിക്കാം. അതുകൊണ്ടായിരിക്കാം അഴിമതി വിരുദ്ധ ഭരണം കാഴ്ചവയ്ക്കണമെന്നാഗ്രഹിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ വിജിലന്‍സ് തലപ്പത്ത് അവരോധിച്ചത്. എന്നാല്‍, ജേക്കബ് തോമസ് വളയമില്ലാതെ ചാടുകയാണെന്നു കാണുന്ന മാത്രയില്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. അതിനു തയാറാകാതെ അദ്ദേഹത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയുമാണു മുഖ്യമന്ത്രി ചെയ്തത്.


അതിന്റെ തിക്തഫലമാണു പിണറായി സര്‍ക്കാരിന് അനുഭവിക്കേണ്ടി വന്നത്. എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതനാണു താനെന്ന ഭാവത്തിലായിരുന്നു വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ ജേക്കബ് തോമസ് പെരുമാറിയത്. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അതീതമായി അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിന്റെ പ്രത്യാഘാതം സ്വാഭാവികമായി സര്‍ക്കാരിനു നേരിടേണ്ടി വന്നു. ഈ രീതിയില്‍ ഈ ഉദ്യോഗസ്ഥനെ കയറൂരി വിട്ടാല്‍ തകരുന്നതു തന്റെ മുഖ്യമന്ത്രിക്കസേരയാകുമെന്നു മനസ്സിലാക്കിയ പിണറായി അദ്ദേഹത്തെ കൈവിടാന്‍ തുടങ്ങി.


ഇതിനിടയില്‍ ജേക്കബ് തോമസിനെതിരേയും ആരോപണങ്ങളും പരാതികളും പ്രവഹിക്കാന്‍ തുടങ്ങി. തുറമുഖ ഡയറക്ടറായിരുന്ന കാലത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും മറ്റും ക്രമക്കേടുണ്ടായി എന്ന ആരോപണം ഉയര്‍ന്നു. അന്യസംസ്ഥാനത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയെക്കുറിച്ച് ആരോപണമുയര്‍ന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ ഒരു കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായതിനെക്കുറിച്ചും അവധിയെടുത്തു സ്വകാര്യകോളജില്‍ ക്ലാസെടുത്തു പ്രതിഫലം വാങ്ങിയതിനെക്കുറിച്ചും ആരോപണമുണ്ടായി.


ജേക്കബ് തോമസ് എന്ന തീക്കൊള്ളികൊണ്ടു തലചൊറിയുന്നത് അപകടമാണെന്നു മനസ്സിലാക്കിയാണു മുഖ്യമന്ത്രി അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അവധിയെടുപ്പിച്ചു വെറുതെ നിര്‍ത്തിച്ചത്. ഡി.ജി.പി കസേരയില്‍ ഒഴിവുവന്നിട്ടും ഏറ്റവും സീനിയറായ ജേക്കബ് തോമസിനെ ആ തസ്തികയിലേയ്ക്കു മുഖ്യമന്ത്രി പരിഗണിച്ചില്ല. വിജിലന്‍സ് തസ്തികയിലെ ഒഴിവിലേക്കും പരിഗണിച്ചില്ല. പകരം കൊടുത്തത് ഐ.എം.ജി ഡയറക്ടര്‍ എന്ന തസ്തിക.
അതുവരെ തന്റെ രക്ഷകനായിരുന്ന മുഖ്യമന്ത്രിയുമായി ജേക്കബ് തോമസ് ഇടയാന്‍ ഇതു കാരണമായി. എങ്കിലും യു.ഡി.എഫ് സര്‍ക്കാരിലെ ചില മന്ത്രിമാരെയും മറ്റും ആക്ഷേപിച്ചു പുസ്തകമെഴുതി മുഖ്യമന്ത്രിയുടെ നല്ല പുസ്തകത്തില്‍ സ്ഥാനം പിടിക്കാന്‍ ജേക്കബ് തോമസ് ഒരു ശ്രമം നടത്തിനോക്കി. അങ്ങനെയാണു 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന സര്‍വീസ് സ്റ്റോറിയുടെ പിറവി. വിരമിച്ച ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലരും ഞെട്ടിപ്പിക്കുന്ന സര്‍വീസ് സ്റ്റോറികള്‍ എഴുതിയിട്ടുണ്ട്. ജേക്കബ് തോമസ് സമൂഹത്തെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് അടുത്തൂണ്‍ പറ്റാതെയാണ്.


മാത്രമല്ല, മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ അതിന്റെ പ്രകാശനകര്‍മം നടത്തിച്ചു നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ഒരു ശ്രമവും നടത്തി. വിവരമുള്ള ആരോ അപകടമുന്നറിയിപ്പു നല്‍കിയതിനാല്‍ സര്‍വീസ് ചട്ടം ലംഘിച്ച നടപടി പ്രകാശിപ്പിച്ചു കൂട്ടുനില്‍ക്കാതെ മുഖ്യമന്ത്രി രക്ഷപ്പെട്ടു. മാത്രവമുല്ല, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനെതിരേ നടപടിക്കും മുതിര്‍ന്നു.


അതോടെ ജേക്കബ് തോമസ് പ്രതികാരദേവതയായി. അഴിമതി വിരുദ്ധദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം തീര്‍ച്ചയായും പരോക്ഷമായ പിണറായി സംഹാരമായിരുന്നു. വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ജേക്കബ് തോമസ് 51 വെട്ടും ഓഖിയും നിയമപാലനത്തിലെ വീഴ്ചയും പോലുള്ള ചേരുവകള്‍ ചേര്‍ത്തു വാര്‍ത്ത കൊഴുപ്പിച്ചു. ഭരിക്കാനറിയാത്തവന്‍ പണി നിര്‍ത്തിപ്പോകണമെന്ന് വ്യംഗ്യമായ വിമര്‍ശനവും നടത്തി. ഈ ഘട്ടത്തിലെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ജേക്കബ് തോമസ് പറഞ്ഞതു നാട്ടുകാര്‍ പറയുമായിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു കാര്യം ഇനിയെങ്കിലും തിരിച്ചറിയുന്നതു നല്ലതാണ്. യു.ഡി.എഫ് സര്‍ക്കാരിനെതിരേ ജേക്കബ് തോമസ് തെരുവുപ്രസംഗം നടത്തിയപ്പോള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചവരാണ് എല്‍.ഡി.എഫുകാര്‍. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്തിട്ടും ജേക്കബ് തോമസ് അരിശം തീരാതെ സര്‍ക്കാരിന്റെ ചുറ്റും മണ്ടി നടക്കുകയാണ്.


നന്നായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. എന്നാല്‍, ഭരണകൂടത്തെ പുരപ്പുറത്തു കയറി വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കരുതിയിരിക്കണം. അവന്‍ ഏതു നേരവും തിരിഞ്ഞു കടിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കു നട്ടെല്ലു നല്ലതാണ്. പക്ഷേ, ഒരെല്ലു കൂടുതലാവാന്‍ പാടില്ല. ഒരു സുഹൃത്തു പറഞ്ഞപോലെ ജേക്കബ് തോമസിന് ഒരു എല്ലു കൂടുതലായിപ്പോയി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago