ഇന്ദിരയുടെ കാലത്ത് കോണ്‍ഗ്രസ് ഭരിച്ചത് 18 സംസ്ഥാനങ്ങളില്‍; ബി.ജെ.പി ഇപ്പോള്‍ 19 എണ്ണത്തിലും: മോദി
ന്യൂഡല്‍ഹി: തിളക്കം മങ്ങിയെങ്കിലും ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായ സന്തോഷം ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ഭരണത്തിലേറാനായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിക്ക് 19 സംസ്ഥാനങ്ങളില്‍ ഭരണത്തിലേറാനായതായി പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലേയും ഹിമാചലിലേയും വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മഹത്തായതാണ്. 1984ല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ലോക്സഭയില്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇപ്പോഴത്തെ വിജയത്തില്‍ ആത്മസംതൃപ്തി മാത്രമായി നില്‍ക്കരുതെന്നും അടുത്തുനടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ശക്തമായ പ്രചാരണത്തിന് എല്ലാവരും തയാറാകണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ സഖ്യം ചേര്‍ന്നും 14 സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയുമാണ് ബി.ജെ.പി 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.
ഗുജറാത്തില്‍ വിജയിച്ചിട്ടും ബി.ജെ.പി പരാജയം രുചിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം ചിരിക്കുവകനല്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്ര മന്ത്രി അനന്തകുമാര്‍ അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായും അനന്ത്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."