കാലിത്തീറ്റ അഴിമതിക്കേസ്: ലാലുവിന്റെ രാഷ്ട്രീയ ഭാവി 23ന് അറിയാം
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി 23ന് അറിയാം. ജാര്‍ഖണ്ഡിലെ റാഞ്ചി സി.ബി.ഐ കോടതിയാണ് കാലിത്തീറ്റ അഴിമതി കേസില്‍ വിധി പറയുന്നത്.
ലാലുവിനെതിരായ ആറ് കേസുകളില്‍ ഒന്നാണ് കാലിത്തീറ്റ അഴിമതി കേസ്. സി.ബി.ഐ ജഡ്ജ് ശിവ്പാല്‍ സിങാണ് ഈ കേസില്‍ വിധി പറയുന്നത്. കേസില്‍ ലാലുവിന് പുറമെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ഡോ. ജഗന്നാഥ് മിശ്രയും പ്രതിയാണ്.
അതേസമയം നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായി വിശ്വാസമുണ്ടെന്നും അനുകൂലമായ വിധിയുണ്ടാകുമെന്നും ലാലുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്.ജെ.ഡിയും പട്നയില്‍ പറഞ്ഞു.
21 വര്‍ഷത്തിനു ശേഷമാണ് കേസില്‍ ഈ മാസം 23ന് വിധി പറയുക. 2013 സെപ്റ്റംബറില്‍ മറ്റൊരു കാലിത്തീറ്റ അഴിമതികേസില്‍ ലാലു നേരത്തെ ബിഹാറില്‍ ജയിലിലായിരുന്നു. അഞ്ചുവര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം അന്ന് ലോക്സഭാംഗത്വം രാജിവക്കുകയും ചെയ്തിരുന്നു. ബിഹാറിലെ സരണ്‍ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ആ വര്‍ഷം ഡിസംബറില്‍ സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതോടെ ജയില്‍ മോചിതനായി.
ലാലുവും ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 38 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ വിചാരണക്കിടയില്‍ 11 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."