അയ്യരുടെയും സിബലിന്റെയും പരാമര്‍ശം ഗുജറാത്ത് വിജയത്തെ ഇല്ലാതാക്കി: വീരപ്പ മൊയ്‌ലി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാകുമായിരുന്ന അനുകൂല സാഹചര്യത്തെ ഇല്ലാതാക്കിയത് മണിശങ്കര്‍ അയ്യരുടെയും കപില്‍ സിബലിന്റെയും വിവാദ പരാമര്‍ശങ്ങളെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലി. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ടാണ് മുന്‍കേന്ദ്രമന്ത്രികൂടിയായ മൊയ്‌ലിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഇരു നേതാക്കളും നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് അനുകൂല സാഹച്യത്തെ ഇല്ലാതാക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കെയാണ് മൊയ്‌ലിയുടെ പ്രതികരണം വന്നത്.
പ്രധാനമന്ത്രിക്കെതിരേ ജാതീയമായി മോശക്കാരനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്താവന മണിശങ്കര്‍ അയ്യര്‍ നടത്തിയത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അയ്യരുടെ പരാമര്‍ശത്തെ കടുത്ത വിമര്‍ശനത്തോടെ എതിരിട്ട ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും തയാറായി. കോണ്‍ഗ്രസുകാര്‍ക്ക് കീഴ്ജാതിക്കാരോട് എതിര്‍പ്പാണെന്നുവരെ ഈ പ്രസ്താവനയെ മോദി വളച്ചൊടിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പിക്കെതിരേ ആരോപണം ഉന്നയിച്ച കപില്‍ സിബല്‍, മോദി യഥാര്‍ഥ ഹിന്ദുവല്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."