കനത്ത സുരക്ഷയില്‍ ആര്‍.കെ നഗര്‍ വോട്ടെടുപ്പ് തുടങ്ങി
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി.
രാവിലെ ഏഴുമണിമുതല്‍ തന്നെ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കാന്‍ ബൂത്തുകളിലെത്തി തുടങ്ങിയിരുന്നു. 8മണിക്ക് പോളിങ്ങ് ആരംഭിച്ചു. 256 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍കൂടിയായ ഇ. മധുസൂദനനാണ്. എം. മരുതുഗണേഷാണ് ഡി.എം.കെ. സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ. വിമതനേതാവായ ടി.ടി.വി. ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. ബി.ജെ.പി.ക്കുവേണ്ടി കരുനാഗരാജാണ് മത്സരരംഗത്തുള്ളത്.മൊത്തം 59 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കടുത്ത തൃകോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ., സി.പി.എം., സി.പി.ഐ. കക്ഷികള്‍ ഡി.എം.കെ.യെ പിന്തുണയ്ക്കുന്നുണ്ട്. 24ന് ഉച്ചയോടെ ഫലമറിയാനാകും.
പണം വിതരണം ചെയ്ത സംഭവവം മുതല്‍ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടതുള്‍പെടെ ഏറെ വിവാദങ്ങള്‍ക്കിടെയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ സുരക്ഷ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശവും നിലവിലുണ്ട്.
75 ഫ്‌ളെയിങ് സ്‌ക്വാഡുകളും 21 നിരീക്ഷണ സംഘങ്ങളും 20 വീഡിയോ സ്‌ക്വാഡുകളും മണ്ഡലത്തിലുണ്ട്. വിവിധ ഭാഗങ്ങളിലായി 960 സി.സി.ടി.വി കാറകളും സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വാഹനങ്ങള്‍ മണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വോട്ടെണ്ണുന്ന ഡിസംബര്‍ 24 വരെ സുരക്ഷ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. തുടര്‍ന്ന് ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന വ്യാപക പരാതികളെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."