മലയാളികളുടെ ക്രിസ്തുമസ് രാവുകള്‍ക്ക് മോടി കൂട്ടാന്‍ തമിഴ് കുടുംബങ്ങള്‍
പുതുക്കാട് : മലയാളികളുടെ ക്രിസ്തുമസ് രാവുകള്‍ക്ക് മോടി കൂട്ടാന്‍ രാവും പകലുമില്ലാതെ പുല്‍കൂടൊരുക്കുകയാണ് തമിഴ്‌നാട്ടുകാരായ അഞ്ച് കുടുംബങ്ങള്‍. ദേശീയപാത പാലിയേക്കര മേല്‍പാലത്തിന് അടിയിലാണ് ഇരുപതോളം പേര്‍ പുല്‍കൂട് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. പൊള്ളാച്ചി സ്വദേശികളായ ഇവര്‍ ഏഴ് ദിവസം മുന്‍പാണ് കുടുംബവുമായി പാലിയേക്കരയില്‍ എത്തിയത്. വ്യത്യസ്ത വലിപ്പത്തിലുള്ള നിരവധി പുല്‍കൂടുകളാണ് ഇവരുടെ കരവിരുതില്‍ മലയാളികള്‍ക്ക് ആകര്‍ഷകമാകുന്ന രീതിയില്‍ ദേശീയപാതയോരത്ത് നിര്‍മ്മിച്ചു വച്ചിട്ടുള്ളത്.
മുളയും വൈക്കോലും ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മ്മിക്കുന്നത്. മേല്‍പാലത്തിനടിയില്‍ തമ്പടിച്ചിരിക്കുകയാണ് ഇവര്‍. സമീപ പ്രദേശങ്ങളില്‍ നിന്ന് എത്തിക്കുന്ന മുള, മേല്‍പാലത്തിനടിയില്‍ വെച്ചുതന്നെ ചീന്തി പുല്‍കൂട് നിര്‍മ്മിക്കുന്നതിനുള്ള പാകമാക്കുകയാണ്. പല തരത്തിലുള്ള കൂടുകളുടെ ഫ്രൈമുകള്‍ ഉണ്ടാക്കിയ ശേഷം വൈക്കോലുകൊണ്ട് മറക്കുകയാണ് ചെയ്യുന്നത്. മിനുക്കുപണികള്‍ക്ക് ശേഷം മനോഹരമാക്കിയ കൂടുകള്‍ ദേശീയപാതയുടെ നാലു വശങ്ങളിലും വില്‍പ്പനക്കായി അടുക്കിവെച്ചിരിക്കുകയാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവരുടെ കച്ചവടം. രാവിലെ ഏഴോടെ ആരംഭിക്കുന്ന നിര്‍മ്മാണം രാത്രി വൈകിയും തുടര്‍ന്നുകൊണ്ടിരിക്കും.
രാത്രികളില്‍ പാതയോരത്തെ ഹൈമാസ് വെളിച്ചത്തിലാണ് ഇവരുടെ പുല്‍കൂട് നിര്‍മ്മാണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാവരും കൂട് നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊള്ളാച്ചി സ്വദേശികളായ രാജ്, അഴകേന്ദ്രന്‍, നാഗരാജ്, വിഗ്‌നേഷ് എന്നിവരും അവരുടെ കുടുംബവുമാണ് പുല്‍കൂട് നിര്‍മ്മാണം നടത്തുന്നത്.
ഒരു ദിവസം പത്തു കൂടുകളാണ് ഓരോ കുടുംബവും നിര്‍മ്മിക്കുന്നത്. വലിപ്പത്തിനനുസരിച്ച് 125 രൂപ മുതല്‍ 900 രൂപവരെയാണ് വില. അടുത്ത ദിവസങ്ങളില്‍ തിരക്കേറുമെന്നതിനാല്‍ കൂടു നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പൊള്ളാച്ചിയില്‍ ചൂരല്‍കൊട്ട നിര്‍മ്മിക്കുന്ന ഇവര്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് കൂടുണ്ടാക്കാന്‍ പാലിയേക്കരയില്‍ എത്തുന്നത്. 25ന് രാത്രിയില്‍ മലയാളികള്‍ ക്രിസ്തുമസിന്റെ ആഘോഷ തിമിര്‍പ്പിലാകുമ്പോള്‍ പുല്‍കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ തമിഴ് സംഘം പൊള്ളാച്ചിയിലേക്ക് യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."