അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ, പ്രേരണയോ പാടില്ലെന്ന് കോടതി
കൊച്ചി: സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളോട് നിശ്ചിത അളവില്‍ കാരുണ്യപ്രവര്‍ത്തനം നടത്തണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. കാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രേരണ മനുഷ്യന്റെ മനസില്‍ നിന്നുണ്ടാകുന്നതാണ്. ഇത് ബലം പ്രയോഗിച്ചോ യാചിച്ചോ നടപ്പാക്കേണ്ട ഒന്നല്ല. അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ പ്രേരണയോ പ്രകോപനമോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരാണ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിലവാരം ഒരുക്കി നല്‍കേണ്ടത്. കരുതലും സംരക്ഷണവും വേണ്ട കുട്ടികഗള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിയമ നടപടികള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറവാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സ്ഥാപനങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവയ്ക്ക് രജിസ്‌ട്രേഷന്‍ നിഷേധിക്കരുത്. ബാല നീതി നിയമപ്രകാരം വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാധ്യതയില്ല. ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യത സ്ഥാപനങ്ങളിലെ മാനേജുമെന്റുകള്‍ക്ക് മുകളില്‍ ബാലനീതി ചട്ടപ്രകാരമുള്ള മാനേജ്‌മെന്റ് കമ്മിറ്റികളെ സ്ഥാപിക്കാനുമാവില്ല. കുട്ടികളെ അനാഥാലയങ്ങളില്‍ നിന്ന് സര്‍ക്കാരിന് ഏറ്റെടുക്കുന്നതില്‍ നിയമതടസ്സമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."