നീലക്കുറുഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കേണ്ടെന്ന് വനംമന്ത്രി
തിരുവനന്തപുരം: നീലക്കുറുഞ്ഞി ഉദ്യാനം പ്രശ്‌നത്തില്‍ കൈയേറ്റക്കാരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
സര്‍വേക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും ഒഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും വനംമന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്. നീലക്കുറുഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.
ഈ മാസം 11,12 തിയതികളിലായിരുന്നു കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചത്.
കടവരി പോലുള്ള സ്ഥലങ്ങളിലുള്ള കൈവശക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പക്ഷെ കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നിലാണ് കടവരി ഉള്‍പ്പടെയുള്ള കാര്‍ഷിക പ്രദേശങ്ങള്‍ ഉള്ളത്. ഇത് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണ്. ഇവിടെ ഒഴിപ്പിക്കല്‍ നടത്തിയാല്‍ മാത്രമെ കുറുഞ്ഞി ഉദ്യാനം അതിന്റെ ഉദ്ദേശിച്ച രീതിയില്‍ പ്രാവര്‍ത്തികമാകൂ. അതേസമയം ഇവിടത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറാകുന്നില്ല.
ബ്ലോക്ക് 58, 62 എന്നിവിടങ്ങളില്‍ ഉള്ള സ്ഥലങ്ങളാണ് ഉദ്യാനത്തിന്റെ കീഴില്‍ വരുന്നത്. 62ാം ബ്ലോക്കില്‍ പാര്‍ട്ട് 183നെ പൂര്‍ണമായി ഒഴിവാക്കാമെന്നും വനംമന്ത്രി നിലപാടെടുത്തിട്ടുണ്ട്.
ഇതിന് കാരണമായി പറയുന്നത് നേരത്തെ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഒരു പുനര്‍ വിഞ്ജാപനത്തില്‍ തന്നെ ഈ മേഖലകള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അതിനാല്‍ തന്നെ പാര്‍ട്ട് 183 നെ ഒഴിവാക്കികൊണ്ട് സങ്കേതം പ്രഖ്യാപിച്ചാല്‍ മതി.
അങ്ങനെ വരുമ്പോള്‍ കോവിലൂര്‍ എന്ന സ്ഥലം പൂര്‍ണ്ണമായും കുറുഞ്ഞി ഉദ്യാനത്തില്‍ നിന്ന് പുറത്താകും. കോവിലൂര്‍ വലിയ ജനവാസ മേഖലയാണ്.
കോവിലൂരിന് പുറമെ വട്ടവട, കൊട്ടക്കമ്പൂര്‍, സ്ഥലങ്ങളിലെ ഒട്ടേറെ പ്രദേശങ്ങളും പാര്‍ട്ട് 183ല്‍ വരുന്നുണ്ട്. ഉദ്യാനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന 3000 ഹെക്ടര്‍ എന്നതില്‍ നിന്ന് പ്രദേശത്തിന്റെ വിസ്തൃതി കുറയും എന്നതിന്റെ സൂചനകളാണ് വനംമന്ത്രിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."