സമസ്ത പ്രാര്‍ഥനാ ദിനം ഞായറാഴ്ച
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള 9780 മദ്റസകള്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 24 നു ഞായറാഴ്ച പ്രാര്‍ഥനാ ദിനം ആചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ചയാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാന പ്രകാരം പ്രാര്‍ഥനാ ദിനമായി ആചരിക്കാറുള്ളത്.
അന്നെ ദിവസം മദ്റസകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥനാ മജ്ലിസുകള് സംഘടിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്മറഞ്ഞു പോയ മഹത്തുക്കള്‍, ഓരോ മഹല്ലിലും പള്ളി - മദ്റസകള്‍ സ്ഥാപിച്ചും നേതൃത്വം നല്‍കിയും ദീനീ സേവകരായി പ്രവര്‍ത്തിച്ചവര്‍ എന്നിവരുടെ പരലോക ഗുണത്തിനും മദ്റസ ഭാരവാഹികള്‍, മുഅല്ലിംകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഇഹ-പര വിജയത്തിനും ലോകത്തിന്റെ നാനാഭാഗത്തുമുള്ള മര്‍ദിത ജനവിഭാഗത്തിന്റെ മോക്ഷത്തിനും നാട്ടില്‍ സമാധാന പൂര്‍ണമായ അന്തരീക്ഷം ഉണ്ടാകുന്നതിനും ഒപ്പം പ്രകൃതി ദുരന്തം പോലുള്ള ആപത്തുകള്‍ ഇല്ലാതിരിക്കാനും വേണ്ടിയാണ് സമസ്ത എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിക്കുന്നത്.
പ്രാര്‍ഥനാ ദിനംവിജയിപ്പിക്കാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി. കെ. പി. അബ്ദുസ്സലാം മുസ്ലിയാര്, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."