കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൃഷി വകുപ്പ് ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടില്‍
തൊടുപുഴ: അടിമാലി കൃഷി അസി. ഡയറക്ടര്‍ ഓഫിസില്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടില്‍ എത്തിയതടക്കമുള്ള ഗുരുതര സാമ്പത്തിക ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. അസി. ഡയറക്ടര്‍ കെ.പി വത്സലകുമാരിയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കും (13640100171162) കര്‍ഷകര്‍ക്കുള്ള പണം എത്തിയതായി കണ്ടെത്തി. കര്‍ഷകരായ ശാരദ, സുരേഷ്, ബിജു, ജെല്‍സണ്‍, മോളി, ജോണ്‍സണ്‍, മിനി എന്നിവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എത്തിയിരിക്കുന്നതാകട്ടെ യൂനിയന്‍ ബാങ്കിന്റെ ഒരേ അക്കൗണ്ടിലേക്കാണ്. ബന്ധപ്പെട്ട ക്ലെയിമുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൃഷി അസി. ഡയറക്ടര്‍ ഇ. പെയ്‌മെന്റ് നടത്തണമെന്ന ചട്ടം നിലനില്‍ക്കെയാണ് പണം ബിനാമി അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത്.
ക്രമക്കേടുകള്‍ സംബന്ധിച്ച് കൃഷിവകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റെല്ല, അക്കൗണ്ട്‌സ് ഓഫിസര്‍ വി.എസ് സുധാദേവി, ആരോപണ വിധേയയായ അസി. ഡയറക്ടര്‍ കെ.പി. വത്സലകുമാരി എന്നിവരെ ബുധനാഴ്ച തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. എന്നാല്‍ തട്ടിപ്പുകളും ക്രമക്കേടുകളും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം ശക്തമായി.
2013 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. നൂറിലേറെ കര്‍ഷകര്‍ക്ക് വിവിധയിനങ്ങളിലായി ലഭിക്കേണ്ട സബ്‌സിഡി തുകകള്‍ ജീവനക്കാരുടെ ബിനാമി അക്കൗണ്ടിലാണ് എത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലും വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ വകയിലും വന്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ട്.
കര്‍ഷകരെ പ്രബുദ്ധരാക്കാന്‍ വിവിധ ബുക്ക്‌ലെറ്റുകള്‍ അച്ചടിച്ചതിലും പച്ചക്കറി - സുസ്ഥിര നെല്ല് വികസന പദ്ധതിയിലും വിവിധ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിച്ച വകയിലും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിലും ക്രമക്കേട് നടന്നു.
ക്വട്ടേഷന്‍ ക്ഷണിക്കാതെ പര്‍ച്ചേസ് നടത്തിയെന്നും ബില്‍ തുകയില്‍ തിരുത്തല്‍ നടത്തിയെന്നും അക്കൗണ്ട്‌സ് വിഭാഗം കണ്ടെത്തി. ടി.എ ബില്ലിലും തിരിമറി നടന്നു. ക്യാഷ്ബുക്കിലെ തിരിമറിയും കണ്ടെത്തി.
ഇന്‍ക്രിമെന്റ് രജിസ്റ്റര്‍, സേവന പുസ്തകങ്ങളുടെ രജിസ്റ്റര്‍, അഡ്വാന്‍സ് രജിസ്റ്റര്‍, ജനറല്‍ പി.എഫ് അഡ്വാന്‍സ് രജിസ്റ്റര്‍ എന്നിവ എഴുതി സൂക്ഷിച്ചിട്ടില്ല. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലും കൃത്രിമം നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."