വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ വഴുതക്കാട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് വിധേയനായത്. അന്വേഷണ ഉദ്യോഗസ്ഥരായ ഐ.ജി എസ്. ശ്രീജിത്ത്, എസ്.പി സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
2010ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എം.പിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്തത്. ഏതാണ്ട് മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ സുരേഷ് ഗോപി ഹാജരാക്കി. അന്വേഷണ സംഘം രേഖകള്‍ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പുതുച്ചേരിയിലെ കൃഷിയിടത്തില്‍ പോകാനാണ് വാഹനം വാങ്ങിയതെന്ന മുന്‍നിലപാട് സുരേഷ് ഗോപി അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. പുതുച്ചേരിയില്‍ താമസിച്ചതിനുള്ള രേഖകളും ഹാജരാക്കി.
2010ല്‍ വാങ്ങിയ വാഹനത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്നത് 2014 ലെ വാടകചീട്ടിന്റെ പകര്‍പ്പാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. കാര്‍ രജിസ്റ്റര്‍ ചെയ്യാനായി വ്യാജ വിലാസത്തിലുള്ള രേഖകള്‍ ചമച്ചവരെപ്പറ്റിയുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
നേരത്തെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേഷ്‌ഗോപി തയാറായിരുന്നില്ല. കൂടാതെ ഈ ആഡംബരവാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ 12 തവണ അമിതവേഗത്തില്‍ സഞ്ചരിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
വ്യാജരേഖകള്‍ ചമച്ചതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് നികുതി ഇനത്തില്‍ കിട്ടേണ്ടിയിരുന്ന 30 ലക്ഷം രൂപ വെട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."