കരിമ്പട്ടികയിലുള്ള കമ്പനിയില്‍ മരുന്ന് വാങ്ങാന്‍ നീക്കം; വിവാദമായപ്പോള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനായി കരിമ്പട്ടികയിലുള്ള കമ്പനിയില്‍ മരുന്ന് വാങ്ങാനുള്ള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ നീക്കം വിവാദമായി. പൂനെ ആസ്ഥാനമായ സാവ എന്ന കമ്പനിക്ക് ഈ മാസം ഏഴിനാണ് ഓര്‍ഡര്‍ നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ഡര്‍ റദ്ദാക്കി. 2013 ഡിസംബറില്‍ ഈ കമ്പനിയെ തമിഴ്‌നാട് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
തൈറോയ്ഡ് ചികിത്സയ്ക്കുപയോഗിക്കുന്ന തൈറോക്‌സിന്‍ സോഡിയത്തിന്റെ പതിനൊന്നര ലക്ഷത്തിലധികം ഗുളികകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.
രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തുന്ന കമ്പനിയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ മരുന്ന് വാങ്ങാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ചാണ് മരുന്ന് വാങ്ങാന്‍ നീക്കം നടന്നത്.
വിവാദമായതോടെ ഓര്‍ഡര്‍ റദ്ദാക്കിയ കോര്‍പ്പറേഷന്‍ മുഖം രക്ഷിക്കാന്‍ കമ്പനിക്ക് നോട്ടിസ് അയക്കുകയും ചെയ്തു. കരിമ്പട്ടികയില്‍ ആണെന്ന കാര്യം മറച്ചുവച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന കാരണം കാണിച്ചാണ് തമിഴ്‌നാട് കരിമ്പട്ടികയില്‍ പെടുത്തിയത്. ഇക്കാര്യം തമിഴ്‌നാട് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
നേരത്തേയും സമാന രീതിയില്‍ സംസ്ഥാന മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മരുന്ന് വാങ്ങിയിരുന്നു.
അന്ന് ഒഡിഷ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയില്‍ നിന്നാണ് മരുന്ന് വാങ്ങിയത്. ഓഗസ്റ്റ് മാസത്തിലാണ് ഈ കമ്പനിയില്‍ നിന്ന് മരുന്ന് വാങ്ങിയത്. നാല്‍പത് ലക്ഷത്തോളം രൂപ നല്‍കി മൂന്ന് ലക്ഷത്തിലധികം റിംഗര്‍ ലാക്ടേറ്റ് ഇന്‍ജക്ഷനാണ് വാങ്ങിയത്.
ഈ മരുന്ന് സംസ്ഥാനത്തെ ആശുപത്രികള്‍ വഴി വിതരണം ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനെതിരേ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്.
നിരോധിക്കുന്ന മരുന്നുകളുടെ വിവരം കൃത്യമായി ആശുപത്രികളിലെത്തിക്കുന്നതില്‍ കോര്‍പറേഷന്‍ വീഴ്ച വരുത്തുന്നുവെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."