യു.പി.എ സര്‍ക്കാരിന്റെ വേരറുത്ത അഴിമതിക്കേസ് ജലരേഖയായി
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ വേരറുക്കാനും രാജ്യമാകെ മോദി തരംഗത്തിന് വിത്തുപാകാനും ഇടയാക്കിയ നിര്‍ണായകമായ സംഭവമായിരുന്നു 2ജി സ്‌പെക്ട്രം അഴിമതിക്കേസ്. പ്രതിസ്ഥാനത്തുണ്ടായിരുന്നവരെല്ലാം താല്‍ക്കാലികമായിട്ടാണെങ്കിലും കുറ്റവിമുക്തരായി.
മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യത നിലനില്‍ക്കെ ഇത് അന്തിമ വിധിയായി കണക്കാക്കാനാകില്ലെങ്കിലും 2ജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ കടുത്ത ആരോപണങ്ങള്‍ നേരിട്ട കോണ്‍ഗ്രസിനും ഡി.എം.കെക്കും വലിയ ആശ്വാസമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2ജി സ്‌പെക്ട്രം അഴിമതിക്കേസ്. ഇതിനു പിന്നാലെ കല്‍ക്കരി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയും കോണ്‍ഗ്രസിന്റെ ഭരണത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചക്കുള്ള നീക്കത്തിന് തടയിട്ടത് ഈ അഴിമതിക്കേസുകളാണ്. ഇതിനു പുറമെ ലോക്പാല്‍ ആവശ്യമുയര്‍ത്തി അണ്ണാ ഹസാരെ ഉയര്‍ത്തിയ കലാപവും സര്‍ക്കാരിനെ വലിയതോതില്‍ ആടിയുലച്ചു.
2ജി സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുകള്‍ 2009 മുതല്‍ ഡല്‍ഹിയില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ഡി.എം.കെയുടെ പിന്തുണ അനിവാര്യമായിരുന്നതിനാല്‍ കോണ്‍ഗ്രസ് അഴിമതിയുടെ കാര്യത്തില്‍ പരസ്യപ്രതികരണത്തിന് തയാറായില്ല.
ക്രമക്കേടുണ്ടായതായി ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇത് വന്‍വിവാദത്തിന് വഴിവച്ചു. ആരോപണം സംയുക്തപാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐക്കെതിരേ സുപ്രിം കോടതി നടത്തിയ വിമര്‍ശം മന്‍മോഹന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലുഅമ്മാളിനെതിരായ അന്വേഷണവും കരുണാനിധിയും കോണ്‍ഗ്രസും തമ്മില്‍ അകലാന്‍ ഇടയാക്കി.
മോദിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി അഴിതിക്കെതിരായി നടത്തിയ കുരിശുയുദ്ധം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയുടെ കൈകളിലേക്ക് അധികാരം വഴുതിമാറാന്‍ ഇടയാക്കി.
വന്‍ഭൂരിപക്ഷത്തോടെയാണ് മോദിക്ക് ഭരണത്തിലേറാന്‍ അഴിമതിയിലൂടെ കോണ്‍ഗ്രസ് വഴിയൊരുക്കികൊടുത്തത്.
അഴിമതിക്കേസില്‍ കുറ്റവിമുക്തരായവര്‍
ന്യൂഡല്‍ഹി: 1.76 ലക്ഷം കോടിയുടെ അഴിമതിയാണ് 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥയില്‍ വില്ലന്മാരായത് കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവര്‍ക്കുപുറമെ ബോളിവുഡ് നിര്‍മാതാവ് വരെയുള്ളവരായിരുന്നു.
ടൈം മാഗസിന്‍ 2ജി സ്‌പെക്ട്രം അഴിമതിയെ വിശേഷിപ്പിച്ചത് ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ പത്ത് അധികാര ദുര്‍വിനിയോഗങ്ങളില്‍ ഒന്നെന്നായിരുന്നു.
എ രാജ
2007 മെയ് മാസത്തിലാണ് ഡി.എം.കെ പ്രതിനിധിയായി ആണ്ടിമുത്തു രാജയെന്ന എ. രാജ യു.പി.എ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായി നിയമിതനാകുന്നത്. മന്ത്രിയായി രണ്ടുമാസത്തിനകം 2ജി സ്‌പെക്ട്രം ലേലം ചെയ്യാതെ വിതരണം ചെയ്യുന്നതിന് തീരുമാനമെടുത്തു.
പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ആദ്യം വന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമെടുത്തത്. ഇതാണ് 2ജി അഴിമതിയെന്ന പേരില്‍ കൊടുങ്കാറ്റുയര്‍ത്തി വിട്ടത്. കനിമൊഴിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജയെ കരുണാനിധി മന്ത്രിയാക്കിയത്. അഴിമതിയുടെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടമായ രാജ 2011 ഫെബ്രുവരിയില്‍ തിഹാര്‍ ജയിലിലായി. പിന്നീട് ജാമ്യം ലഭിച്ചു.
കനിമൊഴി
കരുണാനിധിയുടെ മകളായ കനിമൊഴി രാജ്യസഭാംഗം, കവിയത്രി, പത്രപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയാണ്. കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുമായുള്ള സംഭാഷണത്തിന്റെ ടേപ്പുകള്‍ പുറത്തുവന്നതോടെയാണ് അഴിമതിയില്‍ കനിമൊഴിയുടെ പങ്ക് വെളിപ്പെട്ടത്.
2ജി ഇടപാടില്‍ ലാഭമുണ്ടാക്കിയ സ്വാന്‍ ടെലികോമിന്റെ ഉടമസ്ഥന്‍ ഷാഹിദ് ബല്‍വയുടെ കമ്പനി ഡി.എം.കെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വിക്ക് 200 കോടി രൂപ നല്‍കിയതായി തെളിഞ്ഞു.
ഈ ഇടപാടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് കനിമൊഴിക്കെതിരേ കേസെടുത്തത്. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം 2011 നവംബറിലാണ് മോചിതയായത്.
ആര്‍.കെ ചന്ദോലിയ
എ. രാജയുടെ മുന്‍പ്രൈവറ്റ് സെക്രട്ടറി. 2ജി ഇടപാടില്‍ നിര്‍ണായക ഇടപാടുകള്‍ നടത്തിയതായി നീര റാഡിയയുടെ ടേപ്പില്‍ വ്യക്തമാക്കപ്പെടുന്നു.
സിദ്ധാര്‍ഥ് ബെറുവ
മുന്‍ ടെലികോം സെക്രട്ടറി. സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടംവരുത്തിയ ഇടപാടിന് കൂട്ടുനിന്നുവെന്ന് ആരോപണം.
നീര റാഡിയ
നീര റാഡിയയുടെ ടേപ്പ് പുറത്തുവന്നതോടെയാണ് 2ജി അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൊടുങ്കാറ്റായി ഉയര്‍ന്നത്.
രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളാണ് റാഡിയയുടെ ടേപ്പിലുള്ളത്. ആദായ നികുതി വകുപ്പാണ് സംഭാഷണം ചോര്‍ത്തിയത്. വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ റാഡിയ നടത്തിയിരുന്ന സ്ഥാപനത്തിന്റെ ഉപഭോക്താക്കളില്‍ ടാറ്റ ടെലി സര്‍വിസ്, റിലയന്‍സ് എന്നിവ ഉള്‍പ്പെട്ടിരുന്നു.
ഷാഹിദ് ഉസ്മാന്‍ ബല്‍വ
2ജി ഇടപാടില്‍ അനധികൃതമായി ലാഭമുണ്ടാക്കിയ സ്വാന്‍ ടെലികോമിന്റെ പ്രമോട്ടറാണ്. മുംബൈയിലെ പ്രമുഖ വ്യവസായിയാണ്.
തനിക്ക് ലഭിച്ച സഹായത്തിന് പ്രത്യുപകാരമായി അദ്ദേഹം കലൈഞ്ജര്‍ ടി.വിക്ക് 200 കോടി രൂപ നല്‍കിയെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.
കരിം മൊറാനി
ബോളിവുഡ് സിനിമാ നിര്‍മാതാവ്. സിനിയുഗ് മീഡിയ എന്റര്‍ ടെയിന്‍മെന്റ് ലിമിറ്റഡിന്റെ ഡയരക്ടര്‍.
അനധികൃത ഇടപാടിന് പ്രതിഫലമായി കലൈഞ്ജര്‍ ടി.വിക്ക് 200 കോടി രൂപ നല്‍കാന്‍ ഷാഹിദ് ബല്‍വയെ സഹായിച്ചുവെന്ന് കുറ്റം.
ഗൗതം ദോഷി
റിലയന്‍സ്(അനില്‍ അംബാനി ഗ്രൂപ്പ്)എം.ഡി
സുരേന്ദ്ര പിപാര
റിലയന്‍സ്(അനില്‍ അംബാനി ഗ്രൂപ്പ്) വൈസ് പ്രസിഡന്റ്
ഹരിനായര്‍
റിലയന്‍സ്(അനില്‍ അംബാനി ഗ്രൂപ്പ്) സീനിയര്‍ വൈസ് പ്രസിഡന്റ്
സഞ്ജയ് ചന്ദ്ര
യുനിടെക് വയര്‍ലെസ് എം.ഡി(തമിഴ്‌നാട്)
വിനോദ് ഗോയങ്ക
സ്വാന്‍ ടെലികോം പ്രമോട്ടര്‍
ശരത്കുമാര്‍
കലൈഞ്ജര്‍ ടി.വി എം.ഡി
പടനയിച്ചവര്‍ ഇവര്‍
വിനോദ് റായ്(സി.എ.ജി)
2ജി ക്രമക്കേടിന്റെ ഭീകരത രാജ്യത്തെ ബോധ്യപ്പെടുത്തിയത് സി.എ.ജി റിപ്പോര്‍ട്ടാണ്. 1972 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വിനോദ് റായിയാണ് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയത്. ഊഹക്കണക്കെന്ന് പറഞ്ഞ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.എ.ജി പുറത്തുവിട്ടതോടെ അത് രാഷ്ട്രീയ രംഗത്ത് കോളിളക്കം ഉണ്ടാക്കി.
സുപ്രിം കോടതി ഇടപെടല്‍
ജസ്റ്റിസ് എം.കെ ഗാംഗുലി, ജസ്റ്റിസ് ജി.എസ് സിങ്്‌വി എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിം കോടതി ബെഞ്ചിന്റെ ഇടപെടലാണ് കേസിനെ നിര്‍ണായക ഘട്ടത്തിലേക്ക് എത്തിച്ചത്.
കോടതി നേരിട്ട് നിരീക്ഷണം തുടങ്ങിയതോടെ അന്വേഷണം വേഗത്തിലാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞു.
സി.പി.ഐ.എല്‍
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റഡ് ലിറ്റിഗേഷന്‍ എന്ന സന്നദ്ധ സംഘടനയും സുപ്രിം കോടതിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകുന്നതിന് കാരണമായി.
ജെ. ഗോപീകൃഷ്ണന്‍
2ജി ആരോപണങ്ങളെത്തുടര്‍ന്ന് മന്ത്രി എ. രാജ രാജിവച്ച ദിവസം പയനിയര്‍ എഡിറ്റര്‍ ചന്ദന്‍ മിത്ര സ്വന്തം പത്രത്തിലെ ഒന്നാം പേജില്‍ രാജാവിനെ വീഴ്ത്തിയ സാധാരണക്കാരന്‍ എന്ന പേരില്‍ ലേഖനമെഴുതിയത് മാധ്യമ പ്രവര്‍ത്തകനായ ഗോപീകൃഷ്ണനെക്കുറിച്ചായിരുന്നു.
ഗോപീകൃഷ്ണന്റെ വാര്‍ത്തകളാണ് 2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച വിവരം പുറംലോകത്ത് എത്താനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."