ഫിലിപ്പൈന്‍സില്‍ 251 പേരുമായി കടത്തുബോട്ട് മുങ്ങി
മനില: ഫിലിപ്പൈന്‍സില്‍ 251 പേരുമായി കടത്തുബോട്ട് മുങ്ങി. പോളിലോ ദ്വീപിനു സമീപമാണ് ബോട്ട് മുങ്ങിയത്. തീരദേശസേനയാണ് ഇക്കാര്യം അറിയിച്ചത്. കൂറ്റന്‍ തിരമാലകള്‍ ബോട്ടിനുള്ളിലേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് മുങ്ങിയെന്നാണ് വിവരം. ഏതാനും ബോട്ടുകള്‍ കുറച്ച് ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടുകളും ഹെലികോപ്ടറുകളും മോശം കാലാവസ്ഥയെത്തുടര്‍ന്ന് മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നിരുന്നു. ഫിലിപ്പൈന്‍സ് തീരദേശസേന,നേവി, എയര്‍ഫോഴ്‌സ് എന്നിവയാണ് രക്ഷാപ്രവര്‍ത്തന രംഗത്തുള്ളത്.
മുങ്ങിയ ബോട്ടില്‍ 251 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രക്ഷപെട്ട ആളുകള്‍ക്ക് പുറമെ നാലു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. അപകടത്തില്‍ എത്രപേര്‍ രക്ഷപ്പെട്ടെന്ന് ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നും തങ്ങള്‍ ഇപ്പോഴും കണക്കെടുപ്പ് തുടരുകയാണെന്നും തീരദേശസേനാ വക്താവ് അര്‍മാന്‍ഡ് ബലീലോ അറിയിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍166 പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. 280 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബോട്ടാണെന്നതിനാല്‍ അമിതഭാരം കയറ്റിയതല്ല അപകടകാരണം. കാലാവസ്ഥയാണ് കാരണമെന്നാണ് കരുതുന്നതെന്ന് തീരദേശസേനാ വക്താവ് പറഞ്ഞു. അതേസമയം ബോട്ടില്‍ വലിയ ദ്വാരം ഉണ്ടായിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജുവാനിറ്റോ ഡിയാസ് പറഞ്ഞു.
7000ത്തിലധികം ദ്വീപുകള്‍ ഉള്ള രാജ്യമാണ് ഫിലിപ്പൈന്‍സ്. ഇവിടെ ബോട്ടപകടങ്ങള്‍ സാധാരണമാണ്. കൂടുതല്‍ അപകടങ്ങളും കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഉണ്ടാകാറുള്ളത്. മോശം കാലാവസ്ഥയാണ് വില്ലനാകാറ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇവിടെ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."