രാജ്യസഭയില്‍ മുടങ്ങിയ പ്രസംഗം ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ട് സച്ചിന്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ തന്റെ കന്നിപ്രസംഗം മുടങ്ങിയ സച്ചിന്‍, തന്റെ ആശയം പുറംലോകത്തെ അറിയിക്കാന്‍ ഫെയ്‌സ്ബുക്കിനെ കൂട്ടുപിടിച്ചു. കായികത്തിന്റെയും ഫിറ്റ്‌നസ്സിന്റെയും പ്രാധാന്യം അറിയിച്ചു കൊണ്ടാണ് സച്ചിന്റെ പ്രസംഗം. അനാരോഗ്യമായ ഇന്ത്യ ദുരന്തത്തിനുള്ള കോപ്പുകൂട്ടുകയാണെന്ന് സച്ചിന്‍ പ്രസംഗത്തിലൂടെ പറയുന്നു.
''സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന രാജ്യത്തുനിന്ന് സ്‌പോര്‍ട്‌സ് കളിക്കുന്ന രാജ്യത്തേക്ക് ഇന്ത്യയെ മാറ്റാനുള്ള എന്റെ ശ്രമമാണിത്. എന്റെ സ്വപ്‌നം, നമ്മുടെ സ്വപ്നം സാഫല്യമാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും പങ്കാളിയാവണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഓര്‍ക്കുക, സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ളതാണ്''-ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രസംഗത്തില്‍ സച്ചിന്‍ പറയുന്നു.
നാലു വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സച്ചിന് പ്രതിപക്ഷത്തിന്റെ ബഹളം കാരണം പ്രസംഗം തുടരാന്‍ സാധിച്ചിരുന്നില്ല. കായിക പ്രാധാന്യം അറിയിച്ചു കൊണ്ടായിരുന്നു സച്ചിന്‍ പ്രസംഗിച്ചു തുടങ്ങിയിരുന്നത്. എന്നാല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ പാക് പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുകയും സഭ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
സഭയില്‍ പ്രസംഗിക്കാന്‍ സാധിക്കാത്ത സച്ചിന്‍ അതേ പ്രസംഗം ഫെയ്‌സ്ബുക്കിലൂടെ നടത്തുകയായിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ''ഇന്നലെ എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അക്കാര്യങ്ങള്‍ ഇവിടെ പറയാന്‍ ഞാന്‍ ശ്രമിക്കാം. ക്രിക്കറ്റില്‍ ചെറിയ പടികള്‍ കയറിയപ്പോള്‍ അത് ജീവിതകാലത്തെ ഏറ്റവും നല്ല ഓര്‍മ്മകളിലേക്കെത്തിച്ചു. എപ്പോഴും കളിക്കുന്നതിനെ ഞാന്‍ സ്‌നേഹിച്ചു, ക്രിക്കറ്റ് എനിക്ക് ജീവനായിരുന്നു. എന്റെ പിതാവ് പ്രൊഫ. രമേശ് ടെണ്ടുല്‍ക്കര്‍ കവിയും എഴുത്തുകാരനും ആയിരുന്നു. ഞാന്‍ ജീവിതത്തില്‍ എന്തായിത്തീരണമോ അതിനുവേണ്ടി അദ്ദേഹം എന്നെ പ്രേരിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തു. കളിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു എനിക്ക് അദ്ദേഹത്തില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം''- സച്ചിന്‍ പറയുന്നു.
''2020 ഓടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശരാശരി യുവത്വ പ്രായത്തില്‍ ഒന്നാമതെത്തും. യുവത്വം ഫിറ്റ് ആയിരിക്കുമെന്നാണ് നമ്മുടെ കണക്കാക്കല്‍. എന്നാല്‍, നമുക്ക് തെറ്റി. നമ്മള്‍ ലോകത്തെ പ്രമേഹ തലസ്ഥാനമാണ്. 7.5 കോടി ജനങ്ങള്‍ക്ക് ഇവിടെ പ്രമേഹം പിടിപ്പെട്ടിട്ടുണ്ട്. അമിതവണ്ണത്തിന്റെ കാര്യമെടുത്താല്‍, നമ്മള്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. ഈ വ്യാധികള്‍ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കില്ല.''- സച്ചിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."