കേരളത്തില്‍ ഹജ്ജ് അപേക്ഷകര്‍ 68,876
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ഈ വര്‍ഷവും കേരളത്തില്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം 68,876 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 45,000 അപേക്ഷകരാണുള്ളത്. ഉത്തര്‍ പ്രദേശില്‍ 38,000 പേരും മഹാരാഷ്ട്രയില്‍ 35,000 പേരും അപേക്ഷകരായുണ്ട്. കേരളത്തില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നേരിട്ട് അവസരം ലഭിക്കുന്ന 1242 പേരാണുള്ളത്. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 288 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അപേക്ഷകള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95,615 അപേക്ഷകരുണ്ടായിരുന്നു. തൊട്ടുമുന്‍പുളള വര്‍ഷം 72,315 പേരാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകര്‍ കുറയാന്‍ കാരണം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതും കേരളത്തിലാണ്. ഓണ്‍ലൈന്‍ മുഖേനയാണ് 93 ശതമാനം അപേക്ഷകളും ഈ വര്‍ഷം സ്വീകരിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജ്ജ് ട്രെയിനര്‍മാര്‍, അക്ഷയ കേന്ദ്രങ്ങള്‍, കോഡിനേറ്റര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം സുഖമമാക്കിയതായും അദ്ദേഹം പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും കവര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.
തപാലില്‍ സ്വീകരിച്ച മുഴുവന്‍ അപേക്ഷകളും സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനത്തോളം പേര്‍ക്കും കവര്‍ നമ്പറുകള്‍ എസ്.എം.എസ് ആയും തപാല്‍ മുഖേനയും നല്കി.
ശേഷിക്കുന്നവര്‍ക്ക് തിങ്കളാഴ്ചയോടെ നമ്പറുകള്‍ തപാല്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ നല്‍കും. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നിന്ന് കവര്‍ നമ്പറുകള്‍ ലഭ്യമാണ്. അപേക്ഷകന്റെ പാസ്പോര്‍ട്ട് നമ്പര്‍ വെബ്സൈറ്റില്‍ നല്കിയാല് ഇത് ലഭ്യമാകും. കഴിഞ്ഞ നവംബര്‍ 15 നാണ് ഹജ്ജ് അപേക്ഷ സ്വീകരണ നടപടികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."