'ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് '
ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലൂടെയാണു ജനങ്ങള്‍ പരമാധികാരം ഉപയോഗപ്പെടുത്തുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യമാണെങ്കിലും പ്രസിഡന്‍ഷ്യല്‍ ജനാധിപത്യത്തിലെപ്പോലെ രണ്ടുവ്യക്തികള്‍ തമ്മിലുള്ള രാഷ്ട്രീയപോരാട്ടത്തിലേക്കാണ് 2019ലെ പൊതുതെരഞ്ഞെടുപ്പ് രംഗം നീങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിലേക്കു ദേശീയരാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടു വ്യക്തികളും പ്രതിനിധാനം ചെയ്യുന്ന ആശയസംഹിതകളില്‍ ആദ്യത്തേത് ഇന്ത്യയുടെ തകര്‍ച്ചയെയും രണ്ടാമത്തേത് രാജ്യത്തിന്റെ നിലനില്‍പ്പിനെയും പ്രതിനിധാനം ചെയ്യുന്നു. നരേന്ദ്രമോദി ഷൈനിങ് സ്റ്റാറായി തുടരുന്നുവെന്നാണു ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, രാഹുല്‍ഗാന്ധി എമര്‍ജിങ് സ്റ്റാറായി കടന്നുവരുന്നുവെന്നും ഇതേ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.
ഗുജറാത്തില്‍ മൂന്നുതവണ മുഖ്യമന്ത്രിയായ മോദിക്കു സ്വന്തംനാട്ടില്‍ ദേശീയനേതാവെന്നതിനുമപ്പുറം പ്രാദേശികനേതാവിന്റെ സ്വീകാര്യത കൂടിയുണ്ട്. ആ വ്യക്തിപ്രഭാവത്തിനൊപ്പം ശക്തമായ സംഘടനാടിത്തറയുമുണ്ട്. ഇതുരണ്ടും ഒരുമിച്ചപ്പോഴാണ് അവിടെ ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താനായത് എന്നതാണു പരമാര്‍ഥം. എന്നിട്ടും ബി.ജെ.പിക്കുണ്ടായ വോട്ടിന്റെയും സീറ്റിന്റെയും കുറവ് എടുത്തുപറയേണ്ടതാണ്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ശക്തനായ പ്രാദേശികനേതാവില്ലാതെ, ദേശീയനേതാവായ രാഹുല്‍ഗാന്ധിയുടെ പ്രഭാവലയത്തില്‍ മാത്രമാണ്. കോണ്‍ഗ്രസിന് അവിടെ സംഘടനാടിത്തറ തീരെയില്ല. ജനകീയനെന്നു പറയാവുന്ന നേതാവില്ല. ഹാര്‍ദിക് പട്ടേല്‍, അല്‍പ്പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നീ ജാതിസംഘടനാ നേതാക്കളുടെ ബഹുജനാടിത്തറയുടെയും രാഹുല്‍ഗാന്ധിയുടെ സ്വീകാര്യതയുടെയും ബലത്തിലാണു കോണ്‍ഗ്രസ് മത്സരിച്ചത്. ഈ പരീക്ഷണത്തില്‍ അധികാരം നേടാന്‍ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രീയവിജയം കൈവരിക്കാന്‍ അവര്‍ക്കായി.
കോണ്‍ഗ്രസിന്റെ വോട്ടുവിഹിതവും സീറ്റും വര്‍ധിച്ചു. മാത്രമല്ല, ഇന്ത്യയിലെ മൊത്തം കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായിരുന്ന നിരാശയ്ക്കു പരിഹാരമാവുകയും അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പരാജയപ്പെട്ട ഇരുപതിലധികം സീറ്റുകളില്‍ എതിരാളിയുടെ വിജയം രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷത്തിനാണ്. ധോല്‍ക, ഫത്തേപ്പുര, ഗോധ്ര പോലുള്ള മണ്ഡലങ്ങള്‍ ഉദാഹരണം. നീര്‍ക്കോലികളായി കോണ്‍ഗ്രസ് എഴുതിത്തള്ളിയ ബി.എസ്.പി, എന്‍.സി.പി, ആംആദ്മി പോലുള്ള പാര്‍ട്ടികള്‍ നേടിയ വോട്ടുകൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇതുപോലുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി പരാജയപ്പെടുമായിരുന്നു. അതോടെ ഗുജറാത്തിലെ ചിത്രം മാറുകയും ചെയ്യുമായിരുന്നു.
19 സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ കൈയിലുണ്ടെന്നു പറയുമ്പോള്‍ത്തന്നെ മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അസം, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തന്നെയാണു പ്രതിപക്ഷം. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റവുമുണ്ടായി. കര്‍ണാടകയും പഞ്ചാബും കേരളവും കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന സംസ്ഥാനങ്ങളാണ്. പശ്ചിമ ബംഗാളില്‍ മമതയ്ക്കും തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്കും ഒഡീഷയില്‍ ബിജു ജനതാദളിനും സാധ്യതകളേറയാണ്.
ഉത്തര്‍പ്രദേശില്‍പോലും മായാവതിക്കു പ്രതീക്ഷ നല്‍കുന്നതാണ് പ്രാദേശിക തെരഞ്ഞെടുപ്പു വിധി. മാത്രമല്ല, ബി.ജെ.പിയെ സംബന്ധിച്ചും പ്രാദേശികനേതൃദാരിദ്ര്യമുണ്ട്. പ്രേംകുമാര്‍ ധുമല്‍ അടക്കമുള്ളവര്‍ പരാജയപ്പെടുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം രണ്ടു മുഖ്യമന്ത്രിമാര്‍ ഗുജറാത്തില്‍ പരീക്ഷിക്കപ്പെട്ടതും ഉത്തര്‍പ്രദേശിലും ഗോവയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത യോഗി ആദ്യനാഥിനെയും മനോഹര്‍ പരീക്കറിനെയും നിയോഗിക്കേണ്ടി വന്നതിലുമൊക്കെ കാണുന്നത് നേതൃപ്രതിസന്ധിയാണ്. മോദി -അമിത് ഷാ മാജിക്കില്‍ തന്നെയാണു ബി.ജെ.പി പിടിച്ചുനില്‍ക്കുന്നത്. പാര്‍ട്ടിയുടെ സിരാകേന്ദ്രമായ ഗുജറാത്തില്‍പ്പോലും മുപ്പതിലധികം വേദികളിലാണു പ്രധാനമന്ത്രിക്കു പങ്കെടുക്കേണ്ടി വന്നത്.
ദേശീയാധ്യക്ഷ സ്ഥാനമേറ്റടുത്തിരിക്കുന്ന രാഹുല്‍ഗാന്ധിക്കു രണ്ടുവഴികളാണ് അഭികാമ്യമെന്നു തോന്നുന്നു. ഒന്ന്, ദീര്‍ഘവീക്ഷണത്തോടെ സംഘടനയെ ശക്തിപ്പെടുത്തുകയും പ്രാദേശികനേതാക്കളെ വളര്‍ത്തിയെടുക്കുകയും ചെയ്യുക. രണ്ട്, 2019 ലെ പൊതുതെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ബിഹാര്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലേതുപോലെ ദുര്‍ബലമായ സംഘടനാടിത്തറ മറികടക്കാന്‍ ബഹുജനാടിത്തറ വിപുലപ്പെടുത്തുക.
ഇതു രണ്ടും ഒരുമിച്ചു പോകേണ്ടതു രാഹുല്‍ഗാന്ധിയുടെ മാത്രം ഉത്തരവാദിത്തമല്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും ബഹുസ്വരതയെയും ബഹുമാനിക്കുന്ന, ജാതിമത സങ്കുചിതചിന്തകളില്‍ നിന്ന് ഇന്ത്യയെ വിമോചിപ്പിക്കണമെന്നാഗ്രഹിക്കുന്ന ദേശത്തും വിദേശത്തുമുള്ള ആയിരങ്ങളുടെ കടമയാണത്. ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്കു സ്വാധീനം കുറഞ്ഞ മേഖലയില്‍ പ്രധാന ബി.ജെ.പിയിതര പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ വിജയിപ്പിക്കാനുള്ള അടവുനയം സ്വീകരിക്കയാണു വേണ്ടത്.
അതിന് തുനിയാതെ എല്ലാവരും മത്സരിച്ചു ലക്ഷ്യത്തിലേക്ക് അമ്പെയ്താല്‍ അമ്പുകള്‍ കൂട്ടിമുട്ടി തകരുമെന്നല്ലാതെ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ശക്തമായ നന്ദവംശത്തെ തകര്‍ത്ത് ചന്ദ്രഗുപ്ത മൗര്യനെ അധികാരത്തിലെത്തിച്ച ചാണക്യസൂത്രം നന്ദവംശത്തെ എതിര്‍ക്കുന്ന ചെറു രാജാക്കന്‍മാരെ ഒന്നുപോലും വിടാതെ പോരാട്ടത്തില്‍ കൂടെനിര്‍ത്തിയെന്നതാണ്. രാഷ്ട്രീയത്തില്‍ ചാണക്യസൂത്രങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്. പക്ഷേ, അതൊരിക്കലും ഇന്നു കാണുന്ന തരത്തില്‍ വ്യക്തിഹത്യയിലും തീവ്രമതവികാരം ജനിപ്പിക്കുന്നതിലും അടിസ്ഥാനപ്പെടുത്തിയാകരുത്.
ധാര്‍മികതയിലൂന്നിയ ചാണക്യ തന്ത്രങ്ങള്‍ അവലംബിക്കുന്നതു ഗുണപ്രദമാകും. അതിലൊന്നാണ് ഒരു ലക്ഷ്യത്തിനുവേണ്ടി നില്‍ക്കുന്നവര്‍ ഒന്നിച്ചുനില്‍ക്കുകയെന്നത്. വരുംനാളുകളില്‍ ദേശീയരാഷ്ട്രീയം പുതിയ ശൈലികള്‍ക്കും പുതിയ സഖ്യങ്ങള്‍ക്കും വഴിമാറുമെന്ന ദിശാസൂചകം കൂടിയാണ് ഈ രണ്ടു തെരഞ്ഞെടുപ്പു ഫലങ്ങള്‍.
(തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍
സയന്‍സ് വിഭാഗം അസിസ്റ്റന്റ്
പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."