ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്ക് അതത് സമയങ്ങളില്‍ നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നവംബര്‍ 28ന് ആദ്യ മുന്നറിയിപ്പും 29ന് ന്യൂനമര്‍ദം സംബന്ധിച്ച് മുന്നറിയിപ്പും 30ന് രാവിലെ 5.30ന് അതീവ ഗുരുതരമായി കനത്ത കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സംസ്ഥാനത്തിന് നല്‍കി. 30ന് പതിനൊന്നരയോടെയാണ് ചുഴലിക്കാറ്റാണെന്നും അതീവ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തു. നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."