പുതിയ 28 നഗരസഭകളില്‍ ഉദ്യോഗസ്ഥ നിയമനം പൂര്‍ണമായില്ല
കൊണ്ടോട്ടി: സംസ്ഥാനത്ത് ഒടുവില്‍ രൂപീകരിച്ച 28 നഗരസഭകളില്‍ ഉദ്യോഗസ്ഥ നിയമനം പൂര്‍ണമാവാത്തത് ബാധ്യതയാകുന്നത് സമീപത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്. നിയമനം നടക്കാത്ത തസ്തികകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സമീപത്തെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാണ് ചുമതല വഹിക്കുന്നത്.
അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എസ്.സി ഡവലപ്പമെന്റ് ഓഫിസര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളൊന്നും പുതിയ നഗരസഭകളില്‍ ഇതുവരെ നികത്തിയിട്ടില്ല. സമീപത്തെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാണ് ഈ ചുമതല വഹിക്കുന്നത്. നഗരസഭയിലേയും ബ്ലോക്കിലേയും ജോലിഭാരം മുഴുവന്‍ ഇത്തരത്തില്‍ അധിക ചുമതല ഏറ്റെടുക്കേണ്ടി വരുന്ന ഉദ്യോസ്ഥരുടെ തലയിലാണ്. പുതിയ നഗരസഭകളില്‍ പലയിടത്തും സ്ഥിരം സെക്രട്ടറിമാരും എത്തിയിട്ടില്ല.
രണ്ടുവര്‍ഷം മുന്‍പ് യു.ഡി.എഫ് ഭരണകാലത്താണ് പഞ്ചായത്തുകള്‍ കൂട്ടിയോജിപ്പിച്ച് സംസ്ഥാനത്ത് 28 നഗരസഭകള്‍ രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരെ നിലനിര്‍ത്തിയാണ് നഗരസഭകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ ഇവരില്‍ പലരും സ്ഥലം മാറിയതോടെ നഗരസഭകളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ഈ വര്‍ഷം മറ്റു തസ്തികകളിളെല്ലാം ജീവനക്കാരെ നിയമിച്ചെങ്കിലും എസ്.സി.ഡവലപ്പമെന്റ് ഓഫിസര്‍(എസ്.സി.ഡി.ഒ), അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികകളില്‍ ഇതുവരെ ജീവനക്കാരെത്തിയിട്ടില്ല.
പട്ടിക ജാതി - പട്ടിക വര്‍ഗ കോളനികളിലേക്ക് വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയ പൊതു പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എസ്.സി.ഡവലപ്പമെന്റ് ഓഫിസര്‍മാരാണ്. ഇവര്‍ നല്‍കുന്ന കോളനികളുടെ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ നിജപ്പെടുത്തുന്നത്. എന്നാല്‍ പുതുതായി രൂപീകരിച്ച സംസ്ഥാനത്തെ 28 നഗരസഭകളില്‍ എസ്.സി.ഡി.ഒ മാരുടെ തസ്തിക സൃഷ്ടിക്കുന്നത് വരെ ബന്ധപ്പെട്ട ബ്ലോക്കിലെ എസ്.സി.ഡി.ഒ മാര്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി തുടരാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ ചുമതലയും രണ്ട് വര്‍ഷമായി ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കുന്നത്. നികുതി പിരിവും പുതിയ പരിഷ്‌കരണവും നടത്തേണ്ട റവന്യൂ ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളും ഭാഗികമായാണ് നികത്തിയിട്ടുള്ളത്. പല നഗരസഭകളിലും ഇപ്പോഴും സെക്രട്ടറിമാരുടെ നിയമനവും പൂര്‍ത്തിയായിട്ടില്ല. നഗരസഭകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയടക്കം ഇതു ബാധിക്കുന്നതായി ആരോപണമുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളോടൊപ്പം നഗരസഭകളുടെ അധിക ചുമതല കൂടി ഉദ്യോഗസ്ഥര്‍ വഹിക്കേണ്ടി വരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശുചീകരണ തൊഴിലാളികളെയും വാഹന ഡ്രൈവര്‍മാരെയും സ്ഥിരപ്പെടുത്താത്തും പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നഗരസഭകളില്‍ 20 മുതല്‍ 30വരെ ശുചീകരണ തൊഴിലാളികളെ നിയമിക്കണമെങ്കിലും മുഴുവനിടങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ ദിവസ വേതനത്തിലാണ് നിയമിച്ചിട്ടുള്ളത്.
പത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ശുചീകരണ രംഗത്തുള്ളത്. നഗരസഭയുടെ വാഹന ഡ്രൈവര്‍മാരുടെ നിയമനവും ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."