യു.എന്‍ പ്രമേയം: അമേരിക്കയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി
ലോക രാഷ്ട്രങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും മധ്യസ്ഥന്റെ റോള്‍ ചമയുന്ന അമേരിക്കക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയിലെ വോട്ടെടുപ്പ്. ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യപിക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഡിസംബര്‍ ആറിന് പൂര്‍ത്തീകരിച്ചത്.
വിഷയത്തില്‍ മുഴുവന്‍ രാഷ്ട്രങ്ങളും പിന്തുടരുന്ന സമീപനങ്ങള്‍ക്ക് വിരുദ്ധമായാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. സംഘര്‍ഷ കലുഷിതമായ പശ്ചിമേഷ്യയെ വീണ്ടും പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നതായിരുന്നു ആ തീരുമാനം. ഈ തീരുമാനം പിന്‍വലിക്കണമെന്ന് നിരവധി രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്വന്തം പരമാധികാരത്തിലുള്ള തീരുമാനത്തില്‍ കൈകടത്താന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നായിരുന്നു യു.എസ് നിലപാട്.
ഫലസ്തീനു പുറമെ അറബ് രാഷ്ട്രങ്ങളിലും സമാധാനത്തിന്റെയും മധ്യസ്ഥന്റെയും റോളുമായി രംഗത്തുവരുന്ന അമേരിക്കയുടെ യാഥാര്‍ഥ മുഖമായിരുന്നു ജറൂസലം പ്രഖ്യാപനത്തിലൂടെ പുറത്തുവന്നത്.
അറബ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും തീരുമാനത്തില്‍ യു.എസ് ഉറച്ചു നിന്നു. ഇതിനിടെയാണ് യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ തീരുമാനത്തിനെതിരേ പ്രമേയം വരുന്നത്.
ഇസ്‌റാഈല്‍ തലസ്ഥാനമായി ടെല്‍ അവീവ് തന്നെ തുടരണമെന്നും അല്ലാത്ത നീക്കങ്ങള്‍ക്ക് നിയമ സാധുത നല്‍കരുതെന്നുമായിരുന്നു പ്രമേയം. എന്നാല്‍ പ്രമേയ വോട്ടെടുപ്പില്‍ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചു.
രക്ഷാസമിതിയില്‍ അമേരിക്കയെ പിന്തുണക്കാന്‍ 14 രാഷ്ട്ര പ്രതിനിധികളും സന്നദ്ധമായില്ല. ഇതിനിടെ തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു.
യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പില്‍ പ്രതീക്ഷിച്ചത് പോലെ അമേരിക്ക വീറ്റോ ചെയ്‌തെങ്കിലും ശക്തമായ നീക്കവുമായി മുന്നോട്ട് പോവാനായിരുന്നു അറബ് രാഷ്ട്രങ്ങളുടെയും തുര്‍ക്കിയുടെയും നീക്കം.
ജറൂസലം തീരുമാനം അമേരിക്ക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങള്‍ പെതുസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ അംഗ രാഷ്ട്രങ്ങള്‍ക്ക് കത്തിലൂടെയും പ്രസ്താവനയിലൂടെയും ഭീഷണിയുമായി യു.എസ് രംഗത്തെത്തിയിരുന്നു.
സഹായം നല്‍കുന്നത് അവസാനിപ്പിക്കുമെന്നും വോട്ടു ചെയ്യുന്നവരെ നിരീക്ഷിക്കുമെന്നും അമേരിക്ക ഭീഷണി ഉയര്‍ത്തിയെങ്കിലും ലോക രാഷ്ട്രങ്ങള്‍ ഗൗനിച്ചില്ല. ഒന്‍പത് രാഷ്ട്രങ്ങള്‍ മാത്രമാണ് അമേരിക്കക്ക് പിന്തുണ നല്‍കിയത്.
128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 35രാജ്യങ്ങള്‍ വിട്ടുനിന്നു. വിദേശ നയത്തില്‍ അമേരിക്കയുമായും ഇസ്‌റാഈലുമായും സഹകരണത്തില്‍ നീങ്ങുന്ന ഇന്ത്യയും അമേരിക്കക്കെതിരേയാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്വാതന്ത്ര്യാനന്തരം ഫലസ്തീനോട് തുടരുന്ന പിന്തുണ സമീപനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വോട്ട് രേഖപ്പെടുത്തല്‍. ഒറ്റപ്പെട്ട അമേരിക്ക ജറൂസലം തീരുമാനം പിന്‍വലിക്കുമോ എന്നാലാണ് ലോകം ഇനി ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."