കഴിമ്പ്രത്ത് വീട് കത്തിനശിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരടങ്ങുന്ന കുടുംബം പരുക്കില്ലാതെ രക്ഷപ്പെട്ടു
തൃപ്രയാര്‍: കഴിമ്പ്രത്ത് വീട് കത്തിനശിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരടങ്ങുന്ന കുടുംബം പരുക്കില്ലാതെ രക്ഷപ്പെട്ടു. കഴിമ്പ്രം സ്‌കൂളിന് വടക്ക് കാരയില്‍ തെക്കൂട്ട് ഗംഗാധരന്റെ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുന്‍ഭാഗം കോണ്‍ക്രീറ്റും പുറകില്‍ ഓടുമേഞ്ഞതുമായ വീടാണ് അഗ്‌നിക്കിരയായത്.
വാലിപ്പറമ്പില്‍ പടിഞ്ഞാറ്റയില്‍ ഷണ്‍മുഖനും കുടുംബവുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഓടുമേഞ്ഞ വീടിന്റെ മുറിക്കുള്ളില്‍ നിന്നാണ് തീ ആദ്യം കണ്ടത്. തീ പടരുന്നത് കണ്ടതോടെ വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേരും പുറത്തേയ്‌ക്കോടി രക്ഷപ്പെടുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം കോണ്‍ക്രീറ്റ് വീടിനകത്തേക്കും തീപടര്‍ന്നു. ശക്തമായ തീപ്പിടുത്തത്തില്‍ ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീടിനകത്തുണ്ടായിരുന്ന അലമാരകള്‍, ഫര്‍ണീച്ചറുകള്‍, ടെലിവിഷന്‍ , ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളും കത്തിനശിച്ചു.
നിലവിളക്കില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വലപ്പാട് എസ്.ഐ. ഇ.ആര്‍. ബൈജു, ഫയര്‍ഫോഴ്‌സ് ലീഡിങ് ഫയര്‍മാന്‍ എ. ബൈജു, ഫയര്‍മാന്‍മാരായ രഞ്ജിത്ത്, നിഷാദ് എബിന്‍, അനീഷ്, അജയന്‍, സുധീര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഏകദേശം അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."