ഉത്തര കൊറിയയ്‌ക്കെതിരെ ഉപരോധ നടപടികള്‍ കര്‍ശനമാക്കി യു.എന്‍
ലണ്ടന്‍: ഉപരോധങ്ങള്‍ക്കിടയിലും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്‌ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. അടുത്തിടെ അമേരിക്ക വരെ എത്തുമെന്ന അവകാശവാദത്തോടെ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച യു.എന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. ചൈനയുടേയും റഷ്യയുടേയും പിന്തുണയോടെയാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രമേയം പാസാക്കിയത്.
വെള്ളിയാഴ്ചയാണ് പുതിയ ഉപരോധത്തിന് രക്ഷാസമിതി അംഗീകാരം നല്‍കിയത്. ഉത്തര കൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ 12 മാസത്തിനുള്ളില്‍ തിരിച്ചയക്കും. സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും പ്രമേയം എതിര്‍ക്കുന്നു.
അതേസമയം, അമേരിക്ക ആവശ്യപ്പെട്ട എണ്ണ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക, കിം ജോങ് ഉന്നിന്റെയും ഉത്തരകൊറിയയുടെ രാജ്യാന്തര സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
യു.എസ് കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ പാസാക്കിയതിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."