വഖ്ഫ് ബോര്‍ഡില്‍ പി.എസ്.സി നിയമനം; മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: വഖ്ഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ്, മെക്ക, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 23ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വഖ്ഫ് ബോര്‍ഡിലെയും കേരള ദേവസ്വം ബോര്‍ഡിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ദേവസ്വംബോര്‍ഡിന്റെ കാര്യത്തില്‍ നിന്ന് പിന്‍മാറി. എന്നാല്‍ വഖ്ഫ് ബോര്‍ഡിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടെടുക്കുകയാണ് ചെയ്തത്.
106 നിയമനങ്ങള്‍ മാത്രമുള്ള വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി പറഞ്ഞു.
ജീവനക്കാരുടെ നിയമനത്തിനായി വഖ്ഫ് ആക്ടിലും നിയമത്തിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നത്. 2003ന് ശേഷം സ്ഥിരനിയമനമൊന്നും തന്നെ നടത്തിയിട്ടില്ല. വഖഫ് നിയമനത്തിനെതിരേ ഇന്നുവരെ ആരോപണമൊന്നും ഉയര്‍ന്നിട്ടുമില്ല.
ഗവണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങളും വഖ്ഫ്‌ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ തെറ്റിദ്ധാരണാജനകമായി വാര്‍ത്തകള്‍ പരത്താനാണ് സര്‍ക്കാരും വകുപ്പുമന്ത്രിയും ശ്രമിക്കുന്നത്.
കേരളത്തില്‍ ഈ നിയമം നടപ്പാക്കുന്നതോടെ മറ്റു സംസ്ഥാന സര്‍ക്കാരുകളും വഖ്ഫ് ബോര്‍ഡുകളുടെ കാര്യത്തില്‍ ഈ നിലപാടുതന്നെ പിന്തുടരും. മതവിശ്വാസികളും മുസ്‌ലിം സ്ഥാപനങ്ങളോട് പ്രതിബദ്ധതയുള്ളവരുമായിരിക്കണം വഖ്ഫ് ബോര്‍ഡിന്റെ ചുമതല നിര്‍വഹിക്കേണ്ടത്.
പി.എസ്.സി നിയമനം വരുന്നതോടെ ഈ വ്യവസ്ഥ ദുര്‍ബലപ്പെടും. പി.എസ്.സി വഴി മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രം നിയമനം എന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ അത് ദൂരവ്യാപക ഭവിഷ്യത്തുകള്‍ക്കും വഴിയൊരുക്കും.
ഭരണഘടന പ്രകാരം സംവരണ സമുദായത്തിന് ഇക്കാലമത്രയും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള 10ശതമാനം സംവരണവും സംവരണ അട്ടിമറിയുടെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് കഴിഞ്ഞ13ന് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. കാന്തപുരം വിഭാഗത്തിന്റേത് സര്‍ക്കാരിന്റെ എല്ലാ തീരുമാനത്തോടും പച്ചക്കൊടി കാണിക്കുന്ന സമീപനമാണെന്നും ചോദ്യത്തിന് മറുപടിയായി മായിന്‍ ഹാജി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു രൂപം നല്‍കാനായി 26ന് വൈകീട്ട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്‍ നടത്തും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി(സമസ്ത), കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), ടി.പി അബ്ദുല്ലക്കോയ മദനി(കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ ഇസ്‌ലാമി), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി( ദക്ഷിണ കേരളജംഇയ്യത്തുല്‍ ഉലമ), മണ്ണാര്‍മല അബ്ദുസമദ് മൗലവി(സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ), ഡോ.പി.എ ഫസല്‍ ഗഫൂര്‍(എം.ഇ.എസ്), സി.പി കുഞ്ഞിമുഹമ്മദ് (എം.എസ്.എസ്), അഡ്വ. കെ.എ ഹസന്‍( കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), എന്‍.കെ അലി (മെക്ക) സംബന്ധിക്കും. അഡ്വ. പി.വി സൈനുദ്ദീന്‍ വിഷയാവതരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എം.സി മായിന്‍ ഹാജി,കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ടി.എം ശരീഫ് മൗലവി, വളപ്പില്‍ അബ്ദുല്‍ സലാം, ഫൈസല്‍ പള്ളിക്കണ്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."