പലനാടുകളില്‍ പല ക്രിസ്മസുകള്‍
ക്രിസ്മസിനോടനുബന്ധിച്ച് പുരാതനകാലം മുതല്‍ തന്നെ വിരുന്നുകള്‍ നടത്തുന്ന പതിവ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്നു. ആ രാജ്യങ്ങളിലെ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ളവയായിരുന്നു പ്രസ്തുത ചടങ്ങുകള്‍. ആര്‍ഭാടപൂര്‍വം നടത്തപ്പെട്ട ഈ വിരുന്നുകള്‍ പില്‍ക്കാലത്ത് രാജാക്കന്മാരും ചക്രവര്‍ത്തിമാരും തമ്മിലുള്ള ഒരു മത്സരം പോലെ രൂപാന്തരപ്പെട്ടു എന്നതാണു വാസ്തവം.
ക്രിസ്മസ് ദിനത്തിലെ ഗംഭീകരമായ രണ്ടു വിരുന്നുകള്‍ നടത്തി ചരിത്രം സൃഷ്ടിച്ച രാജാവായിരുന്നു ഹെന്റി എട്ടാമന്‍. ആദ്യ വിരുന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്കും രണ്ടാമത്തേത് വെളുപ്പിനു രണ്ടര മണിക്കുമായിരുന്നു നടത്തിയിരുന്നത്. 350 കാളകള്‍, 475 ആടുകള്‍, 7,000 കോഴികള്‍, 10,000 മത്സ്യങ്ങള്‍, 150 പന്നികള്‍, 700 പ്രാവുകള്‍, 4,000 താറാവുകള്‍ എന്നിവയായിരുന്നു ആദ്യ വിരുന്നിലെ വിഭവങ്ങള്‍. വെളുപ്പിനെ നടന്നുവന്ന വിരുന്നില്‍ മത്സ്യമാംസാദികള്‍ക്കു പകരം ലഹരി പിടിപ്പിക്കുന്ന വിവിധ തരത്തിലുള്ള മദ്യമായിരുന്നു വിളമ്പിയിരുന്നത്. ആദ്യ വിരുന്നില്‍ പങ്കെടുത്തിരുന്നവര്‍ക്കു മാത്രമേ രണ്ടാമത്തെ വിരുന്നിലും പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. കഴിവതും ക്രൈസ്തവരെ മാത്രം പങ്കെടുപ്പിക്കാന്‍ രാജാവ് ഹെന്റി എട്ടാമന്‍ ശ്രമിച്ചു. എന്നാല്‍, കൊട്ടാരം കവികള്‍, ഗായകര്‍, വിദേശ സുഹൃത്തുക്കള്‍ എന്നിവരെ ഇതിലേക്കു പ്രത്യേകമായി ക്ഷണിക്കുക പതിവായിരുന്നു. ക്രിസ്മസ് വിരുന്നിന്റെ പിറ്റേ ദിവസം രാജ്യമൊട്ടാകെ ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കാനും രാജാവ് മറന്നിരുന്നില്ല.
ടിബറ്റിലെ 'കോട്ഗാര്‍' എന്ന വനപ്രദേശത്തുള്ള ജിപ്‌സികളില്‍നിന്ന് ക്രിസ്തു മതത്തിലേക്കു വന്നിട്ടുള്ള മനുഷ്യര്‍ ക്രിസ്മസ് വിരുന്ന് നടത്തുന്നത് പ്രത്യേക രീതിയിലാണ്. ക്രിസ്മസ് വാരത്തില്‍ അതിഥികളായി വന്നെത്തുന്നവര്‍ക്ക് ഇവര്‍ നല്‍കുന്ന പ്രധാന ഭക്ഷണം ഉപ്പു ചേര്‍ത്തുണ്ടാക്കുന്ന കട്ടന്‍ചായയും യവം കൊണ്ടുള്ള കഞ്ഞിയുമാണ്. ചായപ്പാത്രം കഴുകാന്‍ അവര്‍ വെള്ളത്തിനു പകരം ഉപയോഗിച്ചത് സ്വന്തം നാവാണ്. ചായക്കോപ്പയുടെ ഏറ്റവും അടിവശം വരെയും നാക്കുനീട്ടാന്‍ പ്രത്യേകം അഭ്യസിച്ചിട്ടുള്ള അവര്‍ പാത്രം നാക്കുകൊണ്ട് ഭംഗിയായി തുടച്ചതിനു ശേഷം മാത്രമേ അതിഥികല്‍ക്ക് ഉപ്പുചായ കൊടുക്കൂ. അതിഥികളുടെ കണ്‍മുന്‍പില്‍ വച്ചു തന്നെയായിരിക്കും പാത്രം നാക്കുകൊണ്ട് തുടക്കുന്നത്.
അതിഥികള്‍ ചായ നിഷേധിച്ചാല്‍ തങ്ങളെ ആക്ഷേപിക്കുന്നതിനു തുല്യമായി അവര്‍ കണക്കാക്കുകയും വളരെ മനോവിഷമത്തോടെ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവര്‍ക്കു വിഷമമുണ്ടാക്കേണ്ട എന്നു കരുതി അതിഥികള്‍ മനസില്ലാ മനസോടെ ചായ കുടിക്കുകയാണു പതിവ്.
'വെള്ളം കൊണ്ട് വൃത്തിയായി ചായപ്പാത്രം കഴുകിയ ശേഷമേ അതിഥികള്‍ക്കു ചായ കൊടുക്കാവൂ' എന്ന് അതിഥികളില്‍ ആരെങ്കിലും അവരെ ഉപദേശിക്കുകയോ പഠിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അവരുടെ രസകരമായ മറുപടി ഇപ്രകാരമായിരിക്കും:'അങ്ങനെയെങ്കില്‍ കുടിക്കാനുള്ള പാത്രം മാത്രമല്ല, കുടലും വയറും എല്ലാ ദിവസവും കഴുകേണ്ടി വരുമല്ലോ.' ക്രിസ്മസ് ദിനത്തില്‍ ഇവരെ സന്ദര്‍ശിച്ച പ്രശസ്ത ക്രിസ്ത്യന്‍ മിഷനറി സാധു സുന്ദര്‍ സിങ്ങാണ് വിചിത്രമായ ഈ ക്രിസ്മസ് ആചാരരീതികള്‍ പുറംലോകത്തിനു വെളിപ്പെടുത്തുന്നത്.
1579ല്‍ ജീവിച്ചിരുന്ന ഇംഗ്ലണ്ടിലെ ചാള്‍സ് പീറ്റര്‍ രണ്ടാമന്‍ രാജാവ് അനേക വിഭവങ്ങള്‍ക്കു പകരം പ്രധാനമായും ഒന്നോ രണ്ടോ വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് ക്രിസ്മസ് വിരുന്ന് നടത്തിയ വ്യക്തിയായിരുന്നു. 10,000 കാളകളും 20,000 കോഴികളും 15,000 മത്സ്യങ്ങളും ചേര്‍ന്നുള്ള വിഭവങ്ങളായിരിക്കും ക്രിസ്മസ് വിരുന്നില്‍ വര്‍ഷംതോറും അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നത്. സസ്യഭുക്കുകള്‍ക്കായി പ്രത്യേകതരം ഭക്ഷണം ക്രമീകരിക്കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നു. പൊതുവെ സമാധാനപ്രിയനും സംസ്‌കാര സമ്പന്നനുമായിരുന്ന രാജാവ് വിരുന്നില്‍നിന്ന് മദ്യം പാടേ ഒഴിവാക്കി. അദ്ദേഹം മദ്യ കഴിക്കുന്ന വ്യക്തിയായിരുന്നിട്ടുകൂടി തന്റെ പ്രജകളില്‍ ആ ദുശ്ശീലം സൃഷ്ടിക്കാന്‍ അദ്ദേഹം വിമുഖത കാട്ടുകയാണുണ്ടായത്. വിരുന്നിനോടൊപ്പം പലതരം കലാപരിപാടികളും സംഘടിപ്പിക്കുമായിരുന്നു രാജാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."