അടിയില്ലെങ്കില്‍ മുടിയുണ്ടോ..?
പഠിച്ച് ഉന്നതങ്ങളിലെത്തിയപ്പോള്‍ വിനയാന്വിതനാകേണ്ടതിനു പകരം മുഴുമുഴുത്ത അഹങ്കാരിയാവുകയായിരുന്നു ആ വിദ്യാര്‍ഥി. തന്നോളം അറിവുള്ളവര്‍ ഇന്നു ഭൂമിക്കു മുകളിലാരുമില്ല എന്ന ഭാവത്തിലായിരുന്നു അവന്റെ ഇരിപ്പും നടപ്പുമെല്ലാം. അറിവില്ലാത്തവരെ മുഴുവന്‍ അവന്‍ പുഛിച്ചുതള്ളി. അക്ഷരമാല പഠിപ്പിച്ചുതന്ന അധ്യാപകനെപ്പോലും വെറുതെ വിട്ടില്ല.
ഒരിക്കല്‍ ആ അധ്യാപകനോട് മര്യാദയില്ലാതെ അവന്‍ പറഞ്ഞു: ''നിങ്ങളെനിക്കു പഠിപ്പിച്ചുതന്നത് പത്തിരുപത് അക്ഷരങ്ങളല്ലേ. അതെല്ലാം നിങ്ങള്‍ മടക്കിയെടുത്തോളൂ. ഇനി അതിന്റെ പേരില്‍ നിങ്ങളെ ബഹുമാനിച്ചു നടക്കാന്‍ എനിക്കാവില്ല. എനിക്ക് ഞാന്‍ പഠിച്ച വലിയ വലിയ അറിവുകള്‍ തന്നെയുണ്ട് ധാരാളം..''
പാവം അധ്യാപകന്‍ ഞെട്ടിപ്പോയി. ഒരിക്കലും തന്റെ ശിഷ്യനില്‍നിന്നു പ്രതീക്ഷിക്കാത്ത വാക്കുകള്‍..
അദ്ദേഹം ആത്മസംയമനം കൈവിടാതെ ചോദിച്ചു: ''ഞാന്‍ പഠിപ്പിച്ചുതന്ന അക്ഷരങ്ങളെല്ലാം പിന്‍വലിച്ചുകളഞ്ഞാല്‍ മോന്റെ അറിവ് വട്ടപ്പൂജ്യമാകില്ലേ..?''
''വട്ടപ്പൂജ്യമോ..? എനിക്ക് നിങ്ങളുടെ അക്ഷരമാല മാത്രമല്ലല്ലോ അറിയുക..''
''നിന്റെ അറിവ് ഞാന്‍ സമ്മതിക്കുന്നു. ഇപ്പോള്‍ എന്നെക്കാള്‍ നിനക്ക് അറിവുണ്ട്. പക്ഷേ, ചെറിയൊരപേക്ഷ. ഞാന്‍ പഠിപ്പിച്ചുതന്ന അക്ഷരങ്ങളുപയോഗിക്കാതെ നീ എന്തെങ്കിലുമൊന്ന് എഴുത്.. എനിക്കതു കാണാന്‍ വല്ലാത്ത ആഗ്രഹമുണ്ട്. ഞാന്‍ പഠിപ്പിച്ച അക്ഷരങ്ങളുപയോഗിക്കാതെ നീ വല്ലതും ഉച്ചരിക്ക്. കേള്‍ക്കാന്‍ അതിയായ കൊതിയുണ്ട്. നീ പഠിച്ച ഏറ്റവും വലിയ അറിവ് തന്നെയായിക്കോട്ടെ..''
അഹങ്കാരം മഞ്ഞുമലപോലെ ഉരുകിയൊലിച്ചു. ഒരക്ഷരം എഴുതാനോ മൊഴിയാനോ കഴിയാതെ അവന്‍ കുഴങ്ങി. ഒന്നാം തരത്തില്‍വച്ചു പഠിച്ച അക്ഷരമാലയൊഴിവാക്കി തനിക്കൊന്നും പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല എന്ന സത്യം അവനു സൂര്യവെളിച്ചം പോലെ ബോധ്യപ്പെട്ടു.
പിതാവിനു കാണാന്‍ കഴിയാത്തതും എത്തിപ്പിടിക്കാനാകാത്തതും പിതാവിന്റെ തോളത്തിരിക്കുന്ന മകനു കാണാനും പിടിക്കാനും കഴിയും. എന്നുകരുതി പിതാവിനെക്കാള്‍ മേലെയാണ് മകന്‍ എന്നു വരില്ല. കാഴ്ചയില്‍ ഒരുപക്ഷേ, മകന്‍ മേലെയായിരിക്കാമെങ്കിലും യഥാര്‍ഥത്തില്‍ അവന്‍ മേലെയല്ല.
ഞാന്‍ ഉന്നതങ്ങളിലെത്തി, ഇനിയെനിക്ക് ആരെയും വേണ്ടാ എന്നു പറഞ്ഞു വന്ന വഴിയെ നിഷേധിച്ചാല്‍ ആസനമടിച്ചു നിലത്തുവീഴലായിരിക്കും ഫലം.
അറിവിന്റെ ബാലപാഠം പഠിപ്പിച്ചുതന്ന അധ്യാപകന്‍ ഇപ്പോഴും ക്ലാസെടുക്കുന്നത് ഒന്നാം തരത്തില്‍തന്നെയായിരിക്കും. വിദ്യാര്‍ഥി പഠിച്ചുപഠിച്ചു വിദ്യാഭ്യാസമേഖലയില്‍ ഉന്നതശീര്‍ഷനായിട്ടുമുണ്ടാകും. കാഴ്ചയില്‍ അധ്യാപകനെക്കാള്‍ അറിവ് വിദ്യാര്‍ഥിക്കാണ്. അധ്യാപകനെക്കാള്‍ യോഗ്യനും പ്രശസ്തനും വിദ്യാര്‍ഥിതന്നെ. എന്നുകരുതി അധ്യാപകന്റെ മേലെയല്ല വിദ്യാര്‍ഥി. നിങ്ങള്‍ പഠിപ്പിച്ചതെല്ലാം നിങ്ങള്‍ തന്നെയെടുത്തോളൂ എന്നു പറഞ്ഞ് അധ്യാപകനെ നിഷേധിച്ചാല്‍ വിദ്യാര്‍ഥിയുടെ അറിവ് വട്ടപ്പൂജ്യമായിരിക്കും.
ഏറ്റവും അടിയില്‍ സ്ഥിതി ചെയ്യുന്നത് അടിത്തറയാണ്. അതിനു മുകളിലാണു തറയും ചുമരും മേല്‍പ്പുരയുമെല്ലാം. സ്ഥിതി ചെയ്യുന്നത് മേല്‍ഭാഗത്താണെന്നു കരുതി അടിത്തറയെ തള്ളിയൊഴിവാക്കാന്‍ മേല്‍പ്പുരയ്ക്കു പാടില്ല. എനിക്കു നില്‍ക്കാന്‍ അടിത്തറയുടെ സഹായം വേണ്ടാ എന്നു വീമ്പിളക്കിയാല്‍ മേല്‍പ്പുര നിലത്തുവീണു തകിടുപൊടിയാകും.
മുന്‍ഗാമികളെക്കാള്‍ അറിവ് ഒരുപക്ഷേ, പിന്‍ഗാമികള്‍ക്കായിരിക്കാം. എന്നുകരുതി മുന്‍ഗാമികളെ തള്ളാന്‍ പിന്‍ഗാമികള്‍ ശ്രമിക്കുന്നതു മര്യാദയല്ല. മുന്‍ഗാമികള്‍ അറിവില്ലാത്തവരായിരുന്നു, ഞങ്ങളാണ് അവരെക്കാള്‍ അറിവാളന്മാര്‍ എന്നു പറഞ്ഞു രംഗത്തുവന്നാല്‍ അവരെ സ്വീകരിക്കാനും അംഗീകരിക്കാനും ബുദ്ധിയുള്ളവര്‍ തയാറാകില്ല.
'പാലം കടക്കുവോളം നാരായണ.. പാലം കടന്നാല്‍ കൂരായണ..' എന്ന നിലപാട് നന്ദികേടിലാണുള്‍പെടുക. ലക്ഷ്യം പ്രധാനം തന്നെ. എന്നാല്‍ അതുപോലെ പ്രധാനമാണു മാര്‍ഗവും. ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതാണ് മാര്‍ഗം. ലക്ഷ്യം പ്രാപിച്ചുകഴിഞ്ഞാലും മാര്‍ഗത്തെ മറക്കരുത്. മുകളിലെത്തിയാലും കോണി എടുത്തൊഴിവാക്കരുത്. ഇനി ആര്‍ക്കുവേണം ഈ കോണി എന്നു പറഞ്ഞ് അതിനെ തള്ളിയാല്‍ താഴെയിറങ്ങേണ്ടി വരുമ്പോള്‍ കോണി കാണില്ല. ചാടി ഊരയൊടിയാനേ ഒടുക്കം വിധിയുണ്ടാകൂ.
'ഒന്ന് ' ചെറിയ സംഖ്യയാണ്. എന്നാല്‍ അതാണു രണ്ടിലേക്കും മൂന്നിലേക്കും പതിനായിരത്തിലേക്കും കോടികളിലേക്കുംവരെ എത്തിക്കുന്നത്. ചെറിയ സംഖ്യയാണെന്നു പറഞ്ഞു കൊച്ചാക്കിയാല്‍ ഒരു സംഖ്യയുമുണ്ടാവില്ല. ഒന്നില്ലാതെ രണ്ടിലേക്കും തുടര്‍ന്നുള്ള സംഖ്യകളിലേക്കും എത്തുക അസാധ്യം. ഒന്നിലേക്ക് ഒന്നു കൂടിയതാണ് രണ്ട്. ഒന്നിലേക്കു രണ്ടൊന്നുകള്‍ കൂടിയതാണു മൂന്ന്. അങ്ങനെ ഓരോ സംഖ്യയും.
അറിവിന്റെ എ.ബി.സി.ഡി പഠിപ്പിച്ചുതന്ന അധ്യാപകന് ഒരുപക്ഷേ, തന്നെക്കാള്‍ കൂടുതല്‍ അറിവു കാണില്ല. എന്നാല്‍ അദ്ദേഹം പഠിപ്പിച്ചുതന്നെ എ.ബി.സി.ഡിയില്‍നിന്നുകൊണ്ടാണു തനിക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞ വിദ്യാഭ്യാസമേഖലകളെന്തൊക്കെയുണ്ടോ അതെല്ലാം എന്ന സത്യം മറക്കുന്നതു നന്ദികേടാണ്.. എ.ബി.സി.ഡി വേണ്ടാ, 'എ' പോലും അറിഞ്ഞിരുന്നില്ലെങ്കില്‍ തനിക്ക് എവിടെയും എത്താന്‍ കഴിയുമായിരുന്നില്ല എന്നോര്‍മ വേണം. വലിയ വിദ്യാഭ്യാസവിചക്ഷണനും പണ്ഡിതനുമായിട്ട് 'എ' എന്ന അക്ഷരം അറിയില്ലെങ്കിലുള്ള സ്ഥിതി ആലോചിച്ചുനോക്കൂ.
മഹാനായ ഒരു ശാസ്ത്രജ്ഞന്റെ വാക്കുകള്‍ ഇങ്ങനെയാണ്: 'മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ദൂരം കാണാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം മഹാമനുഷ്യരുടെ തോളില്‍കയറി ഞാന്‍ നിന്നതാണ്.'
മുന്‍ഗാമികളെ നിഷേധിച്ചുകൊണ്ട് പിന്‍ഗാമികള്‍ക്ക് ഒരടിപോലും മുന്നോട്ടുപോകാനാവില്ല. എത്ര വലിയ പുരോഗതി പ്രാപിച്ചവരാണെന്ന് അവകാശപ്പെട്ടാലും മുന്‍ഗാമികള്‍ പറഞ്ഞുതന്നതുപയോഗപ്പെടുത്തിയാണു നേടിയതെല്ലാം നാം നേടിയിട്ടുള്ളത്. പഴയതുപയോഗപ്പെടുത്താതെ പുതിയതൊന്നും നിര്‍മിക്കാന്‍ നമ്മെക്കൊണ്ടാവില്ല, തീര്‍ച്ച.
വലതുകാല്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ ഇടതുകാല്‍ പിന്നിലായിരിക്കുമെന്നതു ശരിതന്നെ. പക്ഷേ, പിന്നിലുള്ള ഇടതുകാലിന്റെ ബലത്തിനാണു വലതുകാലിനു മുന്നോട്ട് അടിവയ്ക്കാന്‍ കഴിയുന്നത്. മുന്‍ഗാമികളില്‍നിന്ന് ഒന്നും കടംകൊള്ളാതെയാണു ഞങ്ങളീ നേട്ടങ്ങളെല്ലാം കൈവരിച്ചിട്ടുള്ളതെന്നു പറയാന്‍ ധൈര്യമുള്ളവരാരാണുള്ളത്..?
വന്നവഴി നിഷേധിക്കുന്നവന്‍ വീഴുമെന്നുറപ്പ്. കൂടുതല്‍ കാലം ഞെളിയാന്‍ അവനെകൊണ്ടാവില്ല. അവന്റെ വീഴ്ച ദയയര്‍ഹിക്കാത്ത വീഴ്ചയുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."