പിടിവിട്ട ജീവിതശൈലി, പിടിവിടാതെ രോഗങ്ങള്‍
നാട്ടില്‍ മരണം വിതച്ച വസൂരി ഇല്ലായ്മ ചെയ്യുകയും കുഷ്ഠം, കോളറ തുടങ്ങിയവ നിയന്ത്രണവിധേയമാക്കുകയും ചെയ്ത കേരളം ഇന്നു ജീവിതശൈലീരോഗങ്ങള്‍ക്കു കുപ്രസിദ്ധമാണ്. പ്രായം മുപ്പതു കഴിഞ്ഞാല്‍ ജീവിതശൈലീരോഗപീഡയാല്‍ നരകിക്കുന്നവരുടെ നാടായി മാറി കേരളം. ഡോക്ടര്‍മാര്‍പോലും ഇതിന്റെ പിടിയില്‍നിന്നു മുക്തരല്ല. പത്തുവര്‍ഷത്തിനിടെയുണ്ടായ മലയാളിഡോക്ടര്‍മാരുടെ മരണത്തില്‍ 39.2 ശതമാനം ഹൃദ്രോഗത്താലും 24.82 ശതമാനം അര്‍ബുദത്താലുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനത്തില്‍ പറയുന്നു.
ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും മുന്നിലും അതിമാരകവും പ്രമേഹമാണ്. ആന്തരികാവയവങ്ങള്‍ ക്രമേണ ദുര്‍ബലപ്പെടുത്തി ഇതു രോഗിയെ പതിയെ മരണത്തിലേക്കു നയിക്കുന്നു. ലോകത്ത് 415 ദശലക്ഷത്തിലധികം പ്രമേഹരോഗികളുണ്ട്. അതിലൊരാള്‍ വീതം ഓരോ എട്ടു സെക്കന്റിലും മരിക്കുന്നു. ഇന്ത്യയില്‍ 65 ദശലക്ഷം പ്രമേഹരോഗികളുണ്ട്. 2025 ഓടെ ഇന്ത്യ 'പ്രമേഹത്തിന്റെ തലസ്ഥാന'മായി മാറുമെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കുന്നു.
2016-17ല്‍ തിരുവനന്തപുരം എസ്.സി.ടി നടത്തിയ സര്‍വെയില്‍ കേരളത്തില്‍ 19.4 ശതമാനം പ്രമേഹരോഗികളുണ്ടെന്നു പറയുന്നു. മുംബൈ എന്‍.എഫ്.എച്ച്.എസ് നടത്തിയ സര്‍വേ പ്രകാരം കേരളം പ്രമേഹത്തില്‍ മൂന്നാംസ്ഥാനത്താണ് (32.9 ശതമാനം). മൂന്നുവര്‍ഷംമുമ്പു സംസ്ഥാനസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പ്രായഭേദമന്യേ കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗിയാണെന്നു സാക്ഷ്യപ്പെടുത്തുന്നു.
ജീവിതശൈലീരോഗങ്ങളില്‍ കേരളത്തില്‍ മുന്നില്‍ മലബാറും അതില്‍മുന്നില്‍ മലപ്പുറവുമാണ്. ഇതിന്റെ തെളിവാണു മലപ്പുറം ജില്ലയില്‍ പെരുകിവരുന്ന ഡയാലിസിസ് കേന്ദ്രങ്ങള്‍. മലപ്പുറംജില്ലയില്‍ ചെറുതും വലുതുമായ 713 സര്‍ക്കാര്‍ ആതുരാലയങ്ങളും 80 ല്‍പ്പരം സ്വകാര്യ ആശുപത്രികളും 2272 മെഡിക്കല്‍ ഷോപ്പുകളും നാനൂറോളം ലാബുകളും ആശുപത്രികളിലേതു കൂടാതെ പതിനെട്ടോളം ഡയാലിസിസ് സെന്ററുകളുമുണ്ട്. മന്തി, ഖബ്‌സ, ഷവര്‍മ, ബ്രോസ്റ്റ് തുടങ്ങിയവയില്‍ ചേര്‍ക്കപ്പെടുന്ന അനാരോഗ്യപദാര്‍ഥങ്ങള്‍ മനുഷ്യന്റെ ആന്തരികാവയവങ്ങളെ തകരാറിലാക്കാന്‍ ആക്കംകൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൂണ്‍ കണക്കെ മുളച്ചുപൊങ്ങുന്ന ഭക്ഷണകേന്ദ്രങ്ങളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ചെയ്തികള്‍കൊണ്ടു തടിച്ചു കൊഴുക്കുന്നത് ആശുപത്രികളാണ്.
സംസ്ഥാനത്തു കൂടുതലാളും മരിക്കുന്നതു വൃക്കരോഗം, ഹൃദ്രോഗം, രക്തസമ്മര്‍ദം, കാന്‍സര്‍ തുടങ്ങിയവ മൂലമാണ്. പ്രമേഹവുമായി ബന്ധപ്പെട്ടതാണ് ഇവയിലേറെയും. ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണു രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത്. പാന്‍ക്രിയാസ്ഗ്രന്ഥിക്ക് ശരീരത്തിന് ആവശ്യമായത്ര ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെവരുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കും. ഇതാണു പ്രമേഹം.
പത്തുവയസ്സു കഴിഞ്ഞ കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ് ഒന്ന് പ്രമേഹവും മുതിര്‍ന്നവര്‍ക്കു പിടിപെടുന്ന ടൈപ്പ് രണ്ട് പ്രമേഹവും കേരളത്തില്‍ ധാരാളമാണ്. അമിതവണ്ണമാണ് ടൈപ്പ് രണ്ട് പ്രമേഹത്തിനു കാരണം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും നല്‍കുന്ന അമിതഭക്ഷണം പ്രമേഹത്തിനു കാരണമാകുമെന്നു വിദഗ്ദര്‍ പറയുന്നു.
യഥാസമയം മതിയായ ചികിത്സയുടെ അഭാവത്തില്‍ അനിയന്ത്രിതമായി രോഗം മൂര്‍ച്ഛിക്കുകയും വൃക്ക,ഞരമ്പുകള്‍, കണ്ണുകള്‍, കൈകാലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതോടൊപ്പം അമിത രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ ചേരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയും സംഭവിക്കും.
അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ടെന്‍ഷന്‍, പാരമ്പര്യം, കൃത്രിമ കുപ്പിപ്പാനീയങ്ങള്‍ തുടങ്ങിയ പ്രമേഹത്തിനു വഴിവയ്ക്കുമെന്നാണു കണ്ടെത്തല്‍. പ്രഭാതഭക്ഷണത്തിന്റെ അഭാവം കാരണം ശരീരഭാരം കൂടുകയും ഇത് ടൈപ്പ് രണ്ട് പ്രമേഹത്തിന് ആക്കം കൂട്ടുകയും ചെയ്യും. അതുകൊണ്ടു പ്രഭാതഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 2014ല്‍ ഇന്റര്‍ നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ പ്രമേഹദിനാചരണ പ്രമേയംതന്നെ 'ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം' എന്നതായിരുന്നു.
പ്രമേഹം കാരണം സംസ്ഥാനത്തു വൃക്കരോഗികളുടെ എണ്ണം പെരുകി. ഇതു ഡയാലിസിസ് സെന്ററുകളുടെ എണ്ണവും കൂട്ടി. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കോട്ടയംജില്ലയില്‍മാത്രം 2 ശതമാനം കുട്ടികളില്‍ വൃക്കരോഗം കണ്ടെത്തി. 2025 ഓടെ 20 - 22 വയസ്സ് പ്രായമായ യുവാക്കളില്‍പോലും വൃക്കരോഗം വ്യാപകമാകുമെന്നാണു പഠനങ്ങള്‍ നല്‍കുന്ന സൂചന.
കരള്‍രോഗികളുടെ എണ്ണത്തിലും കേരളം പിന്നിലല്ല. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, അമിതമദ്യപാനം, ഫാറ്റി ലിവര്‍ എന്നിവമൂലം ലിവര്‍ സിറോസിസ് വര്‍ധിച്ചിരിക്കുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 5000 മുതല്‍ 10,000 വരെ ആളുകള്‍ ഇതുമൂലം മരിക്കുന്നു. വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുകയും കിഡ്‌നി മാറ്റിവയ്ക്കല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ ഇതിനെതിരേ ശക്തമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. 1994ല്‍ നിലവില്‍വന്ന ട്രാന്‍സ്പ്ലാന്റ് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ടിന്റെ പരിധിയിലാണ് അവയവമാറ്റം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്. 2014ല്‍ ഭേദഗതിവരുത്തുകയും മറ്റ് ആന്തരികാവയവ മാറ്റം കൂടി ടി.എച്ച്.ഒ. ആക്ടിന്റെ പരിധിയില്‍കൊണ്ടുവരികയും ചെയ്തു. ഇതോടെ വൃക്കദാതാക്കള്‍ അടുത്തബന്ധുക്കളിലും സുഹൃത്തുക്കളിലും മാത്രമായി ഒതുങ്ങി. ഇതിന്റെ നിയന്ത്രണം സംസ്ഥാനസര്‍ക്കാരിന്റെ അധീനതയിലുള്ള കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന് ആണ്.
ഈ മേഖലയിലെ തട്ടിപ്പുകള്‍ക്ക് അറുതിവരുത്താന്‍ ഇതുകൊണ്ടു സാധിച്ചെങ്കിലും ഫലത്തില്‍ നിയന്ത്രണം; വൃക്ക ലഭ്യമായിട്ടും മാറ്റിവയ്ക്കാന്‍ സാധിക്കാതെ രോഗികളെ മരണത്തിലേക്കു നയിക്കുകയാണുണ്ടായത്. നിത്യേന നൂറുകണക്കിനു രോഗികള്‍ പെരുകുന്ന കേരളത്തില്‍ ആറുവര്‍ഷത്തിനിടെ യഥാക്രമം 2012(18), 2013 (59), 2014 (104), 2015 (132), 2016(113), 2017(20) വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയകള്‍ മാത്രമാണു നടന്നത്. 2012- 17 കാലയളവില്‍ പാന്‍ക്രിയാസ് (6), ചെറുകുടല്‍ (3), ശ്വാസകോശം(3), കരള്‍(206), ഹാര്‍ട്ട ്(46) മാറ്റിവയ്ക്കലുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."