പ്രവാസികള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി
മലപ്പുറം: സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കുവേണ്ടി ഭവന നിര്‍മാണ പദ്ധതി ആവിഷ്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ ഗുണഭോക്താക്കള്‍ പൂര്‍ണമായും പ്രവാസികളാകുന്ന രീതിയിലായിരിക്കും പദ്ധതി.
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തില്‍ അംഗത്വമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2,20000 പേരാണ് ഇപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് പത്ത് ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെക്കൂടി ഇതിന്റെ ഭാഗമാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയല്ല, മറിച്ച് കേരളത്തിന്റെ പ്രശ്നങ്ങളില്‍ പ്രവാസികള്‍ക്ക് ഇടപെടാനുള്ള വേദിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരള പ്രവാസി വെല്‍ഫെയല്‍ ബോര്‍ഡ് ചെയര്മാന് പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പി. ഉബൈദുല്ല എം.എല്‍.എ, ടി.കെ ഹംസ, അഡ്വ.പി.എം.എ സലാം, കേരളാ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ.ഒ സി. ജോസ്, ഡയരക്ടര്‍മാരായ ആര്. കൊച്ചുകൃഷ്ണന്‍, കെ.കെ ശങ്കരന്, കെ.സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."