ഡിപ്പോ പണയപ്പെടുത്തി ഒരുമാസത്തെ പെന്‍ഷന്‍ നല്‍കി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഒരു മാസത്തെ പെന്‍ഷന്‍ തുക കഴിഞ്ഞ ദിവസം ലഭിച്ചു. ഒരു മാസത്തെ പെന്‍ഷന്‍ ലഭിച്ചെങ്കിലും നാലുമാസത്തെ പെന്‍ഷന്‍ തുക ഇനിയും കുടിശികയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ എറ്റുമാനൂര്‍, കായംകുളം ഡിപ്പോകള്‍ കൊല്ലം സഹകരണ ബാങ്കില്‍ പണയം വച്ചതിലൂടെ ലഭിച്ച 50 കോടിരൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാനായി ഉപയോഗിച്ചത്. മറ്റൊരു വരുമാനവുമില്ലാത്ത പെന്‍ഷന്‍കാരുടെ ദുരവസ്ഥയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഡിപ്പോ പണയംവച്ച് പണം കണ്ടെത്തിയത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശനിരക്കിലാണ് വായ്പയെടുത്തിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ 40,000ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് രണ്ടുമാസത്തെ മുഴുവന്‍ തുകയും രണ്ടുമാസത്തെ ഭാഗികമായ തുകയുമാണ് ഇനി കൊടുക്കാനുള്ളത്.
പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പയെടുത്ത് വന്‍ പലിശക്കെടുത്ത വായ്പകള്‍ ഒഴിവാക്കി അതിലൂടെ ഉണ്ടാകുന്ന ലാഭം പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും.
എന്നാല്‍, പരമാവധി പെന്‍ഷന്‍ തുക 25,000 ആയി നിജപ്പെടുത്തണമെന്ന ബാങ്കുകളുടെ ആവശ്യം സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി യൂനിയനുകളും അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് സഹകരണ ബാങ്കില്‍ ഡിപ്പോകള്‍ പണയപ്പെടുത്തി പണമെടുക്കേണ്ടതായി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."