സ്വദേശിവത്ക്കരണം വന്‍ വിജയമെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: സ്വദേശിവത്ക്കരണ നിബന്ധനകള്‍ പതിനായിരക്കണക്കിനു സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 2017 ല്‍ മാത്രം 1,21,766 സഊദി യുവതീ യുവാക്കള്‍ തൊഴില്‍ മേഖലയില്‍ പ്രവേശിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഈ വര്‍ഷം സെപ്തംബറില്‍ മാത്രം തൊഴില്‍ മേഖലയില്‍ പ്രവേശിച്ചത് 28,000 സഊദി യുവതീ യുവാക്കളാണു. ആഗസ്തില്‍ ഇത് 5000 ആയിരുന്നു. ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.
സ്വദേശിവത്ക്കരണം ശക്തമായി പുരോഗമിച്ച വര്‍ഷമാണിത്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിച്ചത്. 48,471 പേര്‍ ജോലിയില്‍ പ്രവേശിച്ചു.
വിദേശികളുടെ ഒഴിച്ചുപോക്കും സ്വദേശിവത്കരണത്തിലെ നയം മാറ്റവും വനിതാവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചതും കാരണം എണ്ണത്തില്‍ വര്‍ധനവുണ്ടായി. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ മാസത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.
അതേ സമയം ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലി നഷ്ടപ്പെടാനും ഇത് കാരണമാകുന്നുണ്ട്. കഴിഞ്ഞ മാസം ജ്വല്ലറികളില്‍ സ്വദേശി വത്ക്കരണം നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴയാണ് ശിക്ഷയായി നല്‍കുന്നത്. ഇതു കാരണം പതിനായിരക്കണക്കിന് വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശീ വനിതകളെ നിയമിക്കണമെന്ന നിയമവും, ഖസീമിലെ മാളുകളിലെ സ്വദേശിവത്കരണവും മൊബൈയില്‍ മേഖലകളിലെ സ്വദേശിവത്കരണവുമെല്ലാം സഊദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇരട്ടിയാക്കുന്നതോടെ സഊദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.
അതേ സമയം വനിതാവല്‍കരണം പാലിക്കാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ ഇതിനോടകം പൂട്ടിച്ചു. വനിതകള്‍ക്കായുള്ള തസ്തികകളില്‍ പുരുഷന്‍മാര്‍ ജോലി ചെയ്തതിന് 3226 കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സഊദിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധനകളാണ് നടക്കുന്നത്. സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 138 മില്ല്യനിലധികം റിയാലാണ് അധികൃതര്‍ പിഴ ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."