'കേന്ദ്ര ഫണ്ടുണ്ട്, പക്ഷേ സ്‌കൂളുകള്‍ക്ക് വേണ്ട..'
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തിനായി ലഭിച്ച കേന്ദ്രഫണ്ട് ചെലവഴിക്കാതെ സംസ്ഥാനത്തെ സ്‌കൂളുകള്‍.
2009ല്‍ കേന്ദ്രം അനുവദിച്ച 108 കോടി രൂപയാണ് ഇത്തരത്തില്‍ പാഴാകുന്നത്. സംസ്ഥാനത്തെ ഹൈസ്‌കൂളുകളെ ഹൈടെക്കാക്കുന്ന പദ്ധതിക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് ലഭിച്ച ഫണ്ടുപോലും ചെലവഴിക്കാത്തത്.
രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിച്ചത്. ക്ലാസ് റൂം നിര്‍മാണം, ശുദ്ധജലവിതരണം, ശൗചാലയം എന്നീ ആവശ്യങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാം.
എന്നാല്‍, ഫണ്ട് അനുവദിച്ചിട്ട് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഒരു സ്‌കൂളും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും ഫണ്ടു ചെലവഴിക്കാനായില്ല. ഫണ്ട് ലാപ്‌സായാല്‍ ഇത്തരത്തിലുള്ള പദ്ധതിക്ക് ഭാവിയില്‍ കേന്ദ്രം ഫണ്ട് അനുവദിക്കില്ല.
കേന്ദ്രത്തിന്റെ എസ്റ്റിമേറ്റുപ്രകാരം പദ്ധതി നിറവേറ്റാന്‍ സാധിക്കില്ലെന്നാണ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള ജില്ലാ പഞ്ചായത്തുകളുടെ വാദം. കേന്ദ്രം പറയുന്നതിനനുസരിച്ചുള്ള ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയില്ലെന്നുപറഞ്ഞാണ് ഫണ്ട് ചെലവഴിക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നത്.
1700ഓളം സര്‍ക്കാര്‍ ഹൈസ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. 108 കോടി രൂപ ഇത്രയും സ്‌കൂളുകള്‍ക്കായി വീതിച്ചാല്‍ ആറര ലക്ഷം രൂപയോളം ഓരോ സ്‌കൂളിനും ലഭിക്കും. തികയാത്ത തുക ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ഫണ്ടോ എം.എല്‍.എ ഫണ്ടോ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാവുന്നതേയുള്ളൂവെന്ന് എ.കെ.എസ്.ടി.യു ജന. സെക്രട്ടറി എന്‍. ശ്രീകുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു. എന്നാല്‍, ഇതിന് ജില്ലാ പഞ്ചായത്തുകള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."