പൊതു യാത്രാസൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം: മന്ത്രി ജലീല്‍
കളമശ്ശേരി: പൊതുയാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖതയുള്ള സമൂഹമായി നാം മാറിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കളമശ്ശേരിയില്‍ നഗരസഭ നിര്‍മിച്ച ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രകള്‍ക്ക് സ്വന്തം സൗകര്യങ്ങളുപയോഗിക്കുന്നത് റോഡില്‍ വാഹന പെരുപ്പം മാത്രമല്ല ഇന്ധനനഷ്ടത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്. പൊതുയാത്രാ സൗകര്യങ്ങളുപയോഗിക്കുന്നത് ശീലമാക്കാന്‍ മെട്രോ സ്റ്റേഷനുകളോടനുബന്ധിച്ച് സൈക്കിളുകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കി കൂടുതല്‍ വികസന പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങളിലും പെര്‍മിറ്റ് നല്‍കുന്നതിലുമൊക്കെ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. അധ്യക്ഷനായി. ബസ് ടെര്‍മിനല്‍ കരാറുകാരനായ ഒ.വി സിദ്ദിക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഖിദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി സ്വീകരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം, പി.എം.എ.വൈ. പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം എന്നിവയുണ്ടായി.
സ്റ്റാന്‍ഡിലേക്കുള്ള ആദ്യ ബസിന്റെ പ്രവേശനത്തിന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. കെ.വി തോമസ് എം.പി, മുന്‍ എം.പി പി രാജീവ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എ സക്കീര്‍ ഹുസൈന്‍, സി.എസ്.എ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."