ജെയ്‌റാം താക്കൂര്‍: ഹിമാചലിലെ ബി.ജെ.പിയുടെ സൗമ്യമുഖം
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജെയ്‌റാം താക്കൂര്‍ എന്നും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന നേതാവാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ച പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടതോടെ ബി.ജെ.പി ദേശീയ നേതൃത്വം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടത് ജെയ്‌റാമിനെയായിരുന്നു.
എന്നാല്‍ ധുമല്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പില്‍ ആടിയുലഞ്ഞ ബി.ജെ.പിക്ക് അവസാനം രക്ഷയൊരുക്കി ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തില്‍ ജെയ്‌റാം അധികാരത്തിലേക്ക് വന്നതോടെയാണ് അവര്‍ക്ക് മുഖം രക്ഷിക്കാനായത്. ഹിമാചലിലെ ബി.ജെ.പിയുടെ സൗമ്യമുഖമെന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.
രാഷ്ട്രീയ തന്ത്രജ്ഞതയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്നിട്ടുനില്‍ക്കുന്ന അദ്ദേഹം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രംഗത്തു വരുന്നത്. മിതഭാഷിയായ ജെയ്‌റാം ഹിമാചലിലെ താന്തി ഗ്രാമത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്നാണ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്. ആക്ടിവിസ്റ്റോ, രാഷ്ട്രീയത്തിലെ ബഹളക്കാരനോ അല്ല, അദ്ദേഹത്തിന്റെ ശബ്ദം എപ്പോഴും താഴ്ന്നുതന്നെയായിരുന്നു.
പാര്‍ട്ടിയിലും നിയമസഭയിലുമെല്ലാം അദ്ദേഹം തന്റെ വിനയാന്വിത മുഖത്തോടെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹംതന്നെ പലപ്പോഴും പറഞ്ഞിരുന്നു.
1998ല്‍ ചാച്ചിയോട്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മോട്ടി റാം താക്കൂറിനെ 6,000 വോട്ടുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇത്. തുടര്‍ന്ന് അഞ്ചു തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ധുമല്‍ മന്ത്രിസഭയില്‍ പഞ്ചായത്തീ രാജ് മന്ത്രിയായും അദ്ദേഹം നിയമിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."