ബി.ജെ.പി സ്വയം വിലയിരുത്തണമെന്ന് സുബ്രഹ്മണ്യം സാമി
ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്കും പിറകിലായ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി എം.പികൂടിയായ സുബ്രഹ്മണ്യന്‍ സാമി രംഗത്ത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രം. ഇത് സ്വയം വിലയിരുത്താനുള്ള സമയമായെന്ന് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇവിടെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ആര്‍.കെ നഗറില്‍ കളം പിടിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറക്കിയിരുന്നത്. എന്നാല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ മുതല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒരിക്കല്‍പോലും ആശാവഹമായ പുരോഗതി കാണിച്ചിരുന്നില്ല.
പകുതി റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിവോട്ട് നോട്ടയ്ക്ക് ലഭിക്കുന്നതായി കണ്ടതോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരെല്ലാം പിന്‍വലിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയത്തില്‍പോലും ആളനക്കമില്ലാത്ത അവസ്ഥയിലായിരുന്നു.
അണ്ണാ ഡി.എം.കെയില്‍ ഒ.പി.എസ് -പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ബിജെപിയായിരുന്നു. അവര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ സജീവമാകുകയും ചെയ്‌തെങ്കിലും സ്വതന്ത്ര്യസ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."