ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ദിനകരന്റെ വിജയം രണ്ടിലക്കേറ്റ തിരിച്ചടി
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ നിന്ന് പനീര്‍ശെല്‍വം-പളനിസാമി പക്ഷം പുറത്താക്കിയ ദിനകരന്‍, ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് നല്‍കിയത് ശക്തമായ തിരിച്ചടി. കാമരാജ്ശാലയിലെ എം.ജി.ആര്‍ മെമ്മോറിയലില്‍ പാര്‍ട്ടി സ്ഥാപക നേതാവ് എം.ജി.ആറിന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോഴാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കി ദിനകരന്‍ ജയിച്ചുകയറിയതെന്നത് ശ്രദ്ധേയമാണ്.
ഭരണത്തിലിരുന്നിട്ടും ഉപതെരഞ്ഞെടുപ്പിലെ തോല്‍വി, അണ്ണാ ഡി.എം.കെക്ക് ഏല്‍പ്പിച്ചത് വലിയ പ്രഹരമാണ്. ഇത് അടുത്ത ദിവസങ്ങളില്‍ വലിയപ്രകമ്പനം സൃഷ്ടിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കും.
അതേസമയം ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാനുള്ള മോദി-അമതിഷാ കൂട്ടുകെട്ടിന്റെ മോഹത്തിനേറ്റ കനത്ത തിരിച്ചടിയുമാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില നഷ്ടപ്പെട്ടപ്പോള്‍ പകരം, കുക്കര്‍ ചിഹ്നവുമായി രംഗത്തെത്തിയാണ് ടി.ടി.വി ദിനകരന്‍ എതിരാളികളുടെ ഗ്യാസ് ചോര്‍ത്തിയത്. എല്ലാവരേയും ഞെട്ടിച്ച ദിനകരന്‍ തന്നെയാണ് തെരഞ്ഞെടുപ്പിലെ താരമായത്. പണമൊഴുക്കിയ തെരഞ്ഞെടുപ്പായിരുന്നു ആര്‍.കെ നഗറില്‍ നടന്നത്. ഈ തെരഞ്ഞെടുപ്പ് വിജയം അണ്ണാ ഡി.എം.കെയെ പിളര്‍ത്താനോ അല്ലെങ്കില്‍ ദിനകര പക്ഷത്തേക്ക് അടുപ്പിക്കാനോ പ്രേരകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടി ദിനകരന്റെ നിയന്ത്രണത്തിലേക്ക് വന്നേക്കും. പാര്‍ട്ടി ചിഹ്നം നഷ്ടപ്പെട്ടിട്ടും ജയലളിതയുടെ ഓര്‍മ തളംകെട്ടി നില്‍ക്കുന്ന മണ്ഡലത്തില്‍ ദിനകരന് വിജയിക്കാനായത് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുപോലും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
പരാജയത്തെച്ചൊല്ലി അണ്ണാ ഡി.എം.കെയില്‍ ഇപ്പോള്‍തന്നെ അസ്വസ്ഥത ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പിയുമായി പനീര്‍ശെല്‍വവും പളനിസാമിയും അടുത്തത് ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നു.
അതേസമയം ദിനകരന്റെ വിജയത്തിനു പിന്നില്‍ ഡി.എം.കെയുടെ പങ്കും വ്യക്തമായിട്ടുണ്ട്. ദിനകരന്‍ ജയിച്ചാല്‍ അണ്ണാ ഡി.എം.കെ പിളരുമെന്ന് കണക്കൂകൂട്ടി ഡി.എം.കെ പക്ഷ വോട്ടുകള്‍ ദിനകരന് നല്‍കി സ്റ്റാലിന്‍ കളിച്ച കളിയും തമിഴക രാഷ്ട്രീയത്തില്‍ എടുത്തുപറയത്തക്കതാണ്. ഡി.എം.കെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ കാരണവും വോട്ട് മറിച്ചതാണെന്നാണ് വിവരം.
അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് അണ്ണാ ഡി.എം.കെയെ ഇല്ലാതാക്കാനാണ് ആര്‍.കെ നഗറില്‍ ദിനകരനെ സഹായിക്കാന്‍ സ്റ്റാലിന്‍ ആസൂത്രിത നീക്കം നടത്തിയതെന്നും വ്യക്തമാണ്. അതേസമയം തങ്ങള്‍ ദിനകരന് വോട്ട് മറിച്ചിട്ടില്ലെന്ന് ഡി.എം.കെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."