യു.എന്‍ ഉപരോധം യുദ്ധതുല്യം: ഉത്തരകൊറിയ
പ്യോങ്യാങ്: ഉത്തരകൊറിയക്കെതിരേ യു.എന്‍ രക്ഷാസമിതി പുതുതായി ഏര്‍പ്പെടുത്തിയ ഉപരോധം യുദ്ധതുല്യമാണെന്ന് ഉത്തരകൊറിയ. രാജ്യത്തിന് സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് ഉപരോധത്തിലൂടെ യു.എന്‍ ശ്രമമെന്നും ഉത്തരകൊറിയ ആരോപിച്ചു.
വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്താനുള്ള ശ്രമമാണ് യു.എന്‍ നടത്തിയതെന്നും കൊറിയന്‍ ഭൂഖണ്ഡത്തിലെ സമാധാനവും സ്ഥിരതയും തകര്‍ത്ത് യുദ്ധം വിളിച്ചുവരുത്തുന്ന നടപടിയാണിത്.
ആണവ രാഷ്ട്രമെന്ന നിലയിലുള്ള തങ്ങളുടെ ചരിത്രപരമായ നേട്ടം തിരിച്ചറിഞ്ഞ യു.എസ്, മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങള്‍ക്കു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. യു.എസ് തങ്ങള്‍ക്കെതിരേ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് കൂടുതല്‍ ആണവ സാങ്കേതിക വിദ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവും. ശത്രുതാ നിലപാട് പുലര്‍ത്തുന്ന യു.എസിനെ നേരിടാന്‍ ഇതാണ് ഏക മാര്‍ഗമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വീണ്ടും നടത്തിയതിനെ തുടര്‍ന്നാണ് ഉത്തരകൊറിയക്കെതിരേ യു.എന്‍ ശക്തമായ ഉപരോധം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയത്. രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ 15 അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
വിദേശത്ത് ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ രണ്ടു വര്‍ഷത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചയക്കുക ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളാണ് ഉപരോധത്തിലുള്ളത്. നേരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ എന്ന തീരുമാനം രണ്ടാക്കി മാറ്റുകയായിരുന്നു.
ശുദ്ധീകരിച്ച ഇന്ധന ഇറക്കുമതി അഞ്ചു ലക്ഷം ബാരലാക്കി കുറച്ചു. അസംസ്‌കൃത ഇന്ധന ഇറക്കുമതി 40 ലക്ഷം ബാരലാക്കി കുറച്ചതോടെ ഉത്തരകൊറിയയിലെ എണ്ണ ഉപഭോഗത്തിന്റെ 90 ശതമാനവും വെട്ടിക്കുറക്കപ്പെട്ടു. ഉത്തരകൊറിയയില്‍ നിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു മെഷിനുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനും വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."