കോഴിക്ക് വില കുത്തനെ കൂടി; കിലോയ്ക്ക് 200 രൂപ വരെ
കോഴിക്കോട്/കൊച്ചി: കോഴിയിറച്ചിക്ക് വില കുത്തനെ കൂടി. കിലോയ്ക്ക് 200 രൂപവരെയാണ് ഇറച്ചിക്ക് ഇന്നലെ കോഴിക്കോട് നഗരത്തിലെ വില. കോഴിക്ക് 160 രൂപ വരെയുമെത്തി. പുതുവത്സരാഘോഷം കഴിയുംവരെ വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
കൊച്ചിയില്‍ കോഴിക്ക് 140 രൂപയാണ് വില. ക്രിസ്മസ് ആഘോഷവേളയില്‍ കോഴി ഇറച്ചിക്കും മറ്റ് മാംസങ്ങള്‍ക്കും വില കൂടാറുണ്ടെങ്കിലും ഇത്തവണ ഭീമമായ വില വര്‍ധനയാണ്. ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനിന് വില കൂടിയതും ക്ഷാമം നേരിട്ടതുമാണ് കോഴി വില കൂടാന്‍ പ്രധാന കാരണമായി പറയുന്നത്്. കൊച്ചിയില്‍ ഈ മാസം ആദ്യം 85-90 രൂപയുണ്ടായിരുന്ന കോഴിയുടെ വില പടി പടിയായി ഉയരുകയായിരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 115 രൂപയായിരുന്നു വിലയെങ്കില്‍ ഇന്നലെ 140ലെത്തുകയായിരുന്നു.
ബീഫ് വിലയില്‍ ഇന്നലെ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും ആട്ടിറച്ചി വിലയില്‍ 100മുതല്‍ 150 രൂപവരെയാണ് വര്‍ധിച്ചത്. 450 രൂപയുണ്ടായിരുന്നത് ഇന്നലെ 550 രൂപയിലെത്തി.
മീന്‍ പിടിക്കാന്‍ ബോട്ടുകള്‍ പോകാത്തതിനെ തുടര്‍ന്ന് മീനിന്റെ വിലയിലും കാര്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. നെയ്മീന് രണ്ടുദിവസം മുമ്പ് 400 രൂപയായിരുന്നത് ഇന്നലെ 100രൂപ വര്‍ധിച്ച് 500 രൂപയായി.
500 രൂപയുണ്ടായിരുന്ന കരിമീന് 200 രൂപ കൂടി 700ലെത്തി. ചെമ്മീനിനും 200 രൂപയുടെ വര്‍ധനവുണ്ടായി. അതേസമയം, ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങളിലൂടെ മത്സ്യങ്ങള്‍ക്കെതിരേ കുപ്രചാരണങ്ങള്‍ നടക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധിപേര്‍ മത്സ്യം കഴിക്കാതെ ഇറച്ചിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. അതേസമയം, ചില പച്ചക്കറികള്‍ക്ക് വില അല്‍പം കുറഞ്ഞ് നില്‍ക്കുന്നത് ആശ്വാസം പകരുന്നുണ്ട്. രണ്ടുമാസം മുന്‍പ് 60 രൂപയിലധികമുണ്ടായിരുന്ന തക്കാളിയുടെ വില 20രൂപയായി കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."