ഇരിട്ടിയില്‍ ഒരു കോടിയുടെ കുഴല്‍പ്പണവും 10 കിലോ കഞ്ചാവും പിടികൂടി
ഇരിട്ടി: കര്‍ണാടകത്തില്‍ നിന്ന് മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് വരികയായിരുന്ന വാഹനങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വ്യത്യസ്ത സംഭവങ്ങളിലായി ഒരുകോടി രൂപയുടെ കുഴല്‍പ്പണവും 10 കിലോ കഞ്ചാവും പിടികൂടി. ഇന്നലെ പുലര്‍ച്ചയോടെ ആയിരുന്നു ഇരിട്ടി, കിളിയന്തറ എക്‌സൈസ് സംഘവും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു.
കര്‍ണ്ണാടകത്തില്‍ നിന്ന് കാറില്‍ വരികയായിരുന്ന അണിയാരം സ്വദേശി യോഗി മഠത്തില്‍ കല്ലുങ്കല്‍ മഹ്മ്മൂദില്‍(48 ) നിന്നാണ് ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. കൂട്ടുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാറിന്റെ ഡ്രൈവറുടെ സീറ്റിനടിയില്‍ കവറിലാക്കി സൂക്ഷിച്ചുവച്ച നിലയിലാണ് പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച യാതൊരു രേഖയും മഹ്മ്മൂദിന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. പണവും അറസ്റ്റിലായ മഹ്മ്മൂദിനെയും എക്‌സൈസ് സംഘം ഇരിട്ടി പൊലിസിന് കൈമാറി. കുഴല്‍പ്പണം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായാണ് പരപ്പനങ്ങാടി സ്വദേശി പഞ്ചാരന്റെ പുരക്കല്‍ മുബഷീര്‍ (23 ) എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. മുബഷീറിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ് എന്നാണ് അറിയുന്നത്. ബംഗളൂരുവില്‍ നിന്ന് ഒരു എന്‍ജിനീയറിങ്് വിദ്യാര്‍ഥിയാണ് ഇത് മലപ്പുറത്ത് എത്തിക്കാനായി കൊടുത്തയച്ചതെന്നാണ്് എക്‌സൈസ് സംഘത്തോട് മുബഷീര്‍ പറഞ്ഞത്. ഇവിടെ എത്തിക്കുമ്പോള്‍ ഒരു കിലോ കഞ്ചാവിന് നാലായിരം രൂപയോളം കടത്ത് കൂലി കിട്ടുമെന്നും ആദ്യമായാണ് കടത്തുന്നതെന്നും താന്‍ വെറും ഏജന്റ് മാത്രമാണെന്നും ഇയാള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് അസി. കമ്മിഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ആഴ്ച ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കര്‍ണാടകത്തില്‍ നിന്ന് ബസില്‍ കടത്തുകയായിരുന്ന പത്ത് കിലോയോളം കഞ്ചാവും പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണവും വാഹന പരിശോധനക്കിടെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."