കാറ്റലോണിയന്‍ ദേശീയതയും സ്വാതന്ത്ര്യവാദവും
സ്‌പെയിനിലെ സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ശക്തമായ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഈ ദശാബ്ദത്തിലെ ലോക വിമോചന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്.
സ്‌പെയിനിലെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയാണ് കാറ്റലോണിയ. സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കൂടിയാണ് ഈ പ്രദേശം. പ്രത്യേക സംസ്‌കാരവും ചരിത്രവും കാറ്റലോണിയയ്ക്കുണ്ട്. സ്പാനിഷ് കേന്ദ്രഭരണകൂടത്തെയും സുപ്രീംകോടതിയെയും അവഗണിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയയില്‍ നടന്ന ഹിത പരിശോധനാഫലം സ്‌പെയിനിന്റെ ഭാഗമായി തുടരേണ്ടതില്ല എന്നതായിരുന്നു. ഒക്‌ടോബര്‍ അവസാനം കാറ്റലോണിയന്‍ പ്രസിഡന്റ് പ്യൂജിമോണ്ട് കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രി രജോയി ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് പ്രവിശ്യയിലെ സ്വയംഭരണാവകാശം റദ്ദാക്കി. പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. പ്യൂജിമോണ്ട് അടക്കമുള്ള നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കം തടയാനാണ് പ്യൂജിമോണ്ടും മറ്റു നേതാക്കളും ബ്രസല്‍സ്സില്‍ അഭയം തേടിയത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ സ്‌പെയിന്‍ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്യൂജിമോണ്ട് രാജ്യത്ത് മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന നീക്കത്തിലുമായിരുന്നു സ്പാനിഷ് സര്‍ക്കാര്‍. എന്നാല്‍, മതിയായ സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമെ താന്‍ മടങ്ങിയെത്തുകയുള്ളൂവെന്ന് പ്യൂജിമോണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തിയ സ്പാനിഷ് ഭരണകൂടത്തിന് ഏറ്റവും ഒടുവില്‍ ബാലറ്റിലൂടെ കാറ്റലോണിയന്‍ ജനത കടുത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. അവിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടി. കാറ്റലോണിയയുടെ ഭാവി നിശ്ചയിക്കുന്നതിനുള്ള ഈ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയത് സ്‌പെയിന്‍ ഭരണകൂടത്തിനും അതിനെ അനുകൂലിക്കുന്ന യൂറോപ്യന്‍ യൂനിയനും കനത്ത തിരിച്ചടിയാണ്.
കാറ്റലോണിയന്‍ പ്രവിശ്യയുടെ സ്വാതന്ത്ര്യ മോഹം എന്നന്നേക്കുമായി തടയുക ലക്ഷ്യമിട്ട് പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് നടത്തിയ ഈ തെരഞ്ഞെടുപ്പ് സ്‌പെയിന്‍ അധികാരികള്‍ക്ക് വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന കാര്‍ലസ് പ്യൂജിമോണ്ടിന്റെ റ്റുഗദര്‍ ഫോര്‍ കാറ്റലോണി (ജെ.എക്‌സ്.കാറ്റ്), റിപബ്ലിക്കന്‍ ലെഫ്റ്റ് ഓഫ് കാറ്റലോണിയന്‍, പോപ്പുലര്‍ യൂണിറ്റി പാര്‍ട്ടി (സി.യു.പി) എന്നിവ ചേര്‍ന്ന് 70 സീറ്റുകള്‍ നേടുകയും സഭയില്‍ ഭൂരിപക്ഷം കരസ്ഥമാക്കുകയും ചെയ്തു. മൊത്തം അവിടെ 135 സീറ്റുകളാണ് ഉള്ളത്. എന്നാല്‍, ഐക്യ സ്‌പെയിന് ഒപ്പം നില്‍ക്കുന്ന സിറ്റിസണ്‍സ് പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി. സിറ്റിസണ്‍സ് പാര്‍ട്ടി 37 സീറ്റ് നേടി. ആദ്യമായാണ് സിറ്റിസണ്‍സ് പാര്‍ട്ടി കാറ്റലോണിയയില്‍ ഏറ്റവും വലിയ കക്ഷിയാകുന്നത്.
സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍തൂക്കം ലഭിച്ചതോടെ സ്‌പെയിനില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ യുഗം ആരംഭിക്കാന്‍ പോവുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി മര്യാനോ രജോയി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം രണ്ടാകുമെന്ന് സൂചന ലഭിച്ചതോടെയാണ് ചര്‍ച്ചാശ്രമങ്ങള്‍ക്ക് സ്‌പെയിന്‍ തുടക്കമിട്ടത്. പുതിയ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെയിനിന്റെ ഭരണഘടന വെട്ടിമുറിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണെന്ന് സ്പാനിഷ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്താക്കിയ കാറ്റലന്‍ പ്രസിഡന്റ് കാര്‍ലസ്പ്യൂജിമോണ്ട്, വൈസ് പ്രസിഡന്റ് ജുണ്‍ക്വാറസ് എന്നിവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മര്യാനോ രെജോയ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശം ആര്‍ക്കായിരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പ്യൂജിമോണ്ടിന്റെ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. എന്നാല്‍, കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലെ ഭൂരിപക്ഷമായ 70 അംഗങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്‌പെയിന്‍ സര്‍ക്കാരും കാറ്റലോണിയന്‍ ജനതയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ സ്‌പെയിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പുറത്താക്കപ്പെട്ട പ്രസിഡന്റ് കാര്‍ലേസ് പ്യൂജിമോണ്ട് അഭിപ്രായപ്പെട്ടു. ഇത് കാറ്റലന്‍ റിപബ്ലിക്കിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്‌പെയിന്‍ വിട്ട് സ്വതന്ത്ര രാഷ്ട്രം എന്ന പദവി നല്‍കുന്ന കാര്യത്തിലായിരിക്കും കാറ്റലോണിയയെ വരും ദിനങ്ങളില്‍ സംഘര്‍ഷത്തിലേയ്ക്ക് നയിക്കുക. അതിനിടെ വിമത പക്ഷത്തിന്റെ വിജയ പ്രഖ്യാപനത്തെ തുടര്‍ന്ന് വിമത നേതാവ് പ്യൂജിമോണ്ട് സ്‌പെയിന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ആവശ്യമുന്നയിച്ചു. ഭാവി കാറ്റലോണിയ സംബന്ധിച്ച് ബെല്‍ജിയത്തിലെ ബ്രസല്‍സ്സില്‍ വച്ചോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലോ വച്ച് ചര്‍ച്ച സംഘടിപ്പിക്കണമെന്നാണ് പ്യൂജിമോണ്ട് ആവശ്യപ്പെടുന്നത്. ബ്രസല്‍സ്സില്‍ സ്വയംപ്രവാസിയായി കഴിയുകയാണ് പ്യൂജിമോണ്ട്.
കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാവണം എന്നതാണ് ജനങ്ങളുടെ ആഗ്രഹം. സ്‌പെയിന്‍ പ്രധാനമന്ത്രി മരീനോ രജോയ് കാറ്റലോണിയയുമായി ബന്ധപ്പെട്ടു തുടരുന്ന പദ്ധതികളൊന്നും പ്രാവര്‍ത്തികമല്ല. പ്രതിസന്ധി പരിഹാരത്തിനായി പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് പ്യൂജിമോണ്ട് പറഞ്ഞു.
കാറ്റലോണിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവകാശം ആര്‍ക്കായിരിക്കുമെന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ സ്‌പെയിന്‍ അധികാരം നിലനിര്‍ത്തുമെന്നാണ് പ്രധാനമന്ത്രി രജോയ് പ്രതീക്ഷിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ പോപ്പുലര്‍ പാര്‍ട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കാറ്റലോണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യാഘാതം.
അതേസമയം സഖ്യ സര്‍ക്കാര്‍ രൂപീകരണം പ്രയാസകരമായിരിക്കുമെങ്കിലും അതിനുള്ള ശ്രമം ആരംഭിക്കുമെന്ന് സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ഇനേസ് അറിമാഡസ് അറിയിച്ചു.
ബെല്‍ജിയത്തില്‍ പ്രവാസിയായി കഴിയുന്ന പ്യൂജിമോണ്ട് വീണ്ടും കാറ്റലോണിയയുടെ പ്രസിഡന്റ് ആകുമോയെന്ന കാര്യം വ്യക്തമല്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്യത്ത് തിരിച്ചെത്തിയാല്‍ പ്യൂജിമോണ്ടിനെ അറസ്റ്റ് ചെയ്യും. നേതാക്കളുടെ പേരിലുള്ള നടപടികള്‍ കടുപ്പിക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. മര്യാനോ രജോയിയെ പിന്തുണയ്ക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ഭരണഘടന അനുസരിച്ചുള്ള നടപടികളെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കി തിരിച്ചടി നേരിട്ട രജോയിയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
പതിനെട്ടാം നൂറ്റാണ്ടു മുതല്‍ തന്നെ വളരെ ശക്തമായ ദേശീയതയും അതിന്റെ ഭാഗമായ സ്വയംഭരണാവകാശവും സ്വാതന്ത്ര്യമോഹവും വളര്‍ന്ന് വികസിച്ച പ്രദേശമാണ് കാറ്റലോണിയ. 1932-ല്‍ സ്‌പെയിന്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കുവാനും സ്വയംഭരണാവകാശം നേടിയെടുക്കാനും കാറ്റലോണിയക്ക് കഴിഞ്ഞു.
എന്നാല്‍, സ്പാനിഷ് യുദ്ധാനന്തരം ജനറല്‍ ഫ്രാങ്കോയുടെ സര്‍ക്കാര്‍ കാറ്റലോണിയയ്ക്ക് നല്‍കിയിരുന്ന സ്വയംഭരണാവകാശം എടുത്തു കളയുകയാണ് ചെയ്തത്. ജനറല്‍ ഫ്രാങ്കോയുടെ മരണാനന്തരം 1979-ല്‍ വീണ്ടും കാറ്റലോണിയയ്ക്ക് സ്വയംഭരണാവകാശം ലഭ്യമായി. എന്നും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടി ത്യാഗപൂര്‍വം പൊരുതി പാരമ്പര്യമുള്ള ഒരു ജനതയാണ് കാറ്റലോണിയക്കാര്‍. അതുകൊണ്ടു തന്നെ കാറ്റലോണിയന്‍ ദേശീയതയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവിടത്തെ ജനതയുടെ അഭിവാഞ്ജയും അനുസ്യൂതം തുടരുക തന്നെ ചെയ്യും. ശക്തമായ ദേശീയ വികാരവും അതിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ ഐക്യവുമാണ് ഒരു രാജ്യത്തിന്റെ അടിത്തറ. ദേശീയതയെ വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഭരണാധികാരികള്‍ ചരിത്രത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് സ്വയം ഇല്ലാതാകുകയാണ് ചെയ്യുക.
അതുകൊണ്ട് തന്നെ കാറ്റലോണിയന്‍ ജനതയുടെ ശക്തമായ ദേശീയ വികാരത്തെയും സ്വാതന്ത്ര്യ ദാഹത്തെയും വെറും മണ്‍ചിറ കെട്ടി ചെറുക്കാന്‍ ഇപ്പോഴത്തെ സ്‌പെയിനിലെ ഭരണാധികാരികള്‍ക്ക് കഴിയുമെന്നും തോന്നുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."