അധ്വാനവര്‍ഗത്തിന്റെ ചേരിസിദ്ധാന്തം
അധ്വാനിക്കുന്ന വര്‍ഗത്തിന് രാഷ്ട്രീയ ചേരികളൊന്നും പ്രശ്‌നമല്ല. രാഷ്ട്രീയ ചേരിതിരിവുകളല്ല, വര്‍ഗരാഷ്ട്രീയമാണ് അവര്‍ക്കു പ്രധാനം. ഈ വര്‍ഗത്തിന്റെ ആദ്യകാല ആചാര്യനായ കാള്‍ മാര്‍ക്‌സ് സര്‍വരാജ്യത്തൊഴിലാളികളൊക്കെ സംഘടിച്ച് ശക്തരാവണമെന്ന് പറഞ്ഞതല്ലാതെ പാര്‍ട്ടി ഏതെങ്കിലും രൂപത്തില്‍ ഉണ്ടാക്കണമെന്നോ ഏതു മുന്നണിയില്‍ ചേരണമെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. പിന്നീട് പാര്‍ട്ടിയും അതിന്റെ രൂപഭാവങ്ങളും രീതികളുമൊക്കെ ഉണ്ടാക്കിയത് ലെനിന്‍ അടക്കമുള്ള ചില നേതാക്കളാണ്. അവരൊക്കെ ഉണ്ടാക്കിയ പാര്‍ട്ടികളിലധികവും നാമാവശേഷമാകുകയും ചെയ്തു.
മാര്‍ക്‌സ് പറഞ്ഞ പലതും കാലഹരണപ്പെടുകയും അതനുസരിച്ച് ഉണ്ടാക്കിയ പാര്‍ട്ടികള്‍ തകരുകയുമൊക്കെ ചെയ്ത് അധ്വാനിക്കുന്ന വര്‍ഗം അനാഥരായി വിലപിക്കുന്ന കാലത്താണ് അവരുടെ രണ്ടാം മിശിഹയായ കെ.എം മാണി രംഗപ്രവേശനം ചെയ്തത്. അതു ചരിത്രത്തിന്റെ ഒരു അനിവാര്യതയാണ്. അധ്വാനിക്കുന്ന വര്‍ഗം ഒരുകാലത്തും അനാഥരാവില്ല. ആവശ്യമായ ഘട്ടങ്ങളിലെല്ലാം അവര്‍ക്കായി രക്ഷകര്‍ അവതരിക്കും.
സംഭവാമി യുഗേയുഗേ എന്നൊക്കെ പറയുന്നതുപോലെ. അങ്ങനെ അവതരിച്ച മാണി പഴയ പ്രമാണങ്ങളെല്ലാം തപ്പിനോക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമൊക്കെ കാലഹരണപ്പെട്ടെന്നു കണ്ടു. എന്നുകരുതി അധ്വാനിക്കുന്ന വര്‍ഗം സ്വന്തമായി ഒരു വേദഗ്രന്ഥമില്ലാതെ വിഷമിക്കരുതല്ലോ. ആ കുറവു പരിഹരിക്കാനാണ് മാണി ചരിത്രപ്രസിദ്ധമായ 'അധ്വാനവര്‍ഗ സിദ്ധാന്തം' എഴുതിയുണ്ടാക്കിയത്. മാണിയുടെ പാര്‍ട്ടിയുടെ പേരില്‍ ഒരു കേരള ഉണ്ടെന്നു കരുതി അത് കേരളത്തിലെ അധ്വാനിക്കുന്ന വര്‍ഗത്തിനു മാത്രമായുള്ള ഒരു സിദ്ധാന്തമാണെന്നൊന്നും ആരും ധരിക്കരുത്. മാര്‍ക്‌സിസം പോലെ തന്നെ മാണിസവും ഒരു ആഗോള ദര്‍ശനമാണ്. മാണി വിദേശത്തൊക്കെ പോയി അതു പ്രചരിപ്പിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ അധ്വാനവര്‍ഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആഗോളവല്‍ക്കരണമോ റബറിന്റെ വിലയിടിവോ ഒന്നുമല്ല. കയറിയിരിക്കാന്‍ പറ്റിയ ഒരു മുന്നണിയില്ല എന്നതാണ്. മുന്നണിക്ക് മുട്ടുണ്ടായിട്ടൊന്നുമല്ല. അധ്വാനവര്‍ഗ സിദ്ധാന്തത്തോടല്ലാതെ കര്‍ത്താവിനോടു പോലും ഉറച്ച കൂറോ പ്രതിബദ്ധതയോ ഇല്ലാത്തതിനാല്‍ എവിടെ വേണമെങ്കിലും ചേരാം. എന്നാല്‍, കൂട്ടാന്‍ ആളുണ്ടായിട്ടും കയറിയിരിക്കാന്‍ വലിയ അധ്വാനം വേണ്ടിവരുന്ന സ്ഥിതിയാണ്. സി.പി.ഐക്കാരെ ഒതുക്കാന്‍ അധ്വാനവര്‍ഗത്തെ കൂടെ കിട്ടിയാല്‍ കൊള്ളാമെന്ന് സി.പി.എമ്മിനുണ്ട്. ബാര്‍കോഴക്കേസൊക്കെ വേണമെങ്കില്‍ താത്ത്വികമായ ഒരു അവലോകനത്തിലൂടെ എഴുതിത്തള്ളാം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കൂട്ടുകെട്ടുണ്ടാക്കി അധ്വാനവര്‍ഗം മനസ്സമ്മതം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, അതിനായി അധികം അധ്വാനിക്കേണ്ടെന്നു പറഞ്ഞ് സിപി.ഐ പാരവച്ചു.
യു.ഡി.എഫില്‍ തിരിച്ചുപോകുന്നതും ചില മുറുമുറുപ്പുകളുണ്ടാകുമെന്നതൊഴിച്ചാല്‍ വലിയ പ്രയാസമുള്ള കാര്യമല്ല. വരേണ്ടെന്നു പറഞ്ഞ് മാറ്റിനിര്‍ത്താനുള്ള പാങ്ങൊന്നും ഇന്നത്തെ കോണ്‍ഗ്രസിനില്ല. എന്നാല്‍, ഒരുകാലത്ത് യു.ഡി.എഫില്‍ കിട്ടിയ വിലയും നിലയും ഇനി കിട്ടിക്കൊള്ളണമെന്നില്ല. സാര്‍ ബഹുമതി കോണ്‍ഗ്രസുകാര്‍ പണ്ടേ തിരിച്ചെടുത്തതാണ്. വലിയ വിലപേശലുകളൊന്നുമില്ലാതെ തിരിച്ചുപോകേണ്ടി വരും. എന്തൊക്കെ വിട്ടുവീഴ്ച ചെയ്താലും അധ്വാനിക്കുന്ന വര്‍ഗത്തിന് ചില മിനിമം അവകാശങ്ങളുണ്ട്. അതിലൊന്ന് ലോക്‌സഭാംഗത്വമാണ്. അത് സൈദ്ധാന്തികാചാര്യന്റെ മകനു തന്നെ കിട്ടണമെന്നും അതു കോട്ടയത്തു തന്നെ ആവണമെന്നുമുള്ള നിര്‍ബന്ധവുമുണ്ട്. അധ്വാനിക്കുന്ന വര്‍ഗം ചിക്കാഗോയെക്കാള്‍ കൂടുതലുള്ളത് കോട്ടയത്താണെന്ന് ലോക തൊഴില്‍ സംഘടന തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതു കിട്ടിയാല്‍ തന്നെ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഉമ്മന്‍ ചാണ്ടിയെ അപ്പനും മകനും ചേര്‍ന്ന് നന്നായി വെറുപ്പിച്ച് കൈയില്‍ കൊടുത്തിട്ടുണ്ട്. തിരിച്ചു പണി കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ഏറ്റവും സൗകര്യമുള്ള ഇടമാണ് കോട്ടയം.
ബി.ജെ.പിയുടെ മുന്നണിയിലാണെങ്കില്‍ ചേരണമെന്ന് പറഞ്ഞാല്‍ മാത്രം മതി. മാരാര്‍ജി ഭവനിലേക്ക് ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കും. അധ്വാനവര്‍ഗത്തിനാണെങ്കില്‍ മറ്റുള്ളവരെപ്പോലെ ഫാസിസം അത്ര വലിയ പ്രശ്‌നവുമല്ല. അധ്വാനിക്കുന്ന വര്‍ഗത്തെയും ഫാസിസത്തെയും സ്റ്റാലിനെപ്പോലുള്ളവര്‍ ഒരുമിച്ചു കൊണ്ടുപോയിട്ടുണ്ട്. ഇപ്പോള്‍ കിം ജോങ് ഉന്നും അതുതന്നെ ചെയ്യുന്നുണ്ട്. എന്നാല്‍, അത്ര കഷ്ടപ്പെട്ടു പോയിട്ട് പ്രതീക്ഷിച്ച ഫലം കിട്ടിക്കൊള്ളണമെന്നുമില്ല.
മാത്രമല്ല, ബി.ജെ.പിക്കൊപ്പമോ ഇടതുമുന്നണിയിലോ പോകുകയാണെങ്കില്‍ പിളര്‍ന്ന് യു.ഡി.എഫിലേക്കു പോകുമെന്ന് ജോസഫും കൂട്ടരും പറഞ്ഞിട്ടുമുണ്ട്. കോട്ടയത്തെ മഹാസമ്മേളനത്തില്‍ നിലപാടു പ്രഖ്യാപിക്കുന്നത് ഇല്ലാതാക്കിയത് അവരാണ്. അവര്‍ പോയാല്‍ പിന്നെ പിതാവും പുത്രനും ചില അല്ലറചില്ലറ പരിശുദ്ധാത്മാക്കളും മാത്രമായിരിക്കും പാര്‍ട്ടിയില്‍ അവശേഷിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ഡിമാന്റ് ഏറെയുണ്ടായിട്ടും അധ്വാനിക്കുന്ന വര്‍ഗം ഇപ്പോള്‍ പെരുവഴിയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് എവിടെയെങ്കിലും കയറിക്കൂടിയേ പറ്റൂ. ഗതി അഞ്ചും മുട്ടിയാല്‍ പിന്നെ യു.ഡി.എഫ് തന്നെ ശരണം. അതിനുള്ള സാധ്യതാപഠനത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിനെതിരേ സുരേഷ് ഗോപി സ്‌റ്റൈലില്‍ കിടിലന്‍ ഡയലോഗുകള്‍ പറഞ്ഞിട്ടുള്ള ജോസ് കെ. മാണി തന്നെ ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാരുടെ യോഗത്തിനു പോയത്. അധ്വാനവര്‍ഗത്തോടുള്ള കൂറു കാരണം സൈദ്ധാന്തികനും മകനും ഗതികേടും വിലകേടുമൊക്കെ സഹിക്കാനൊരുങ്ങുകയാണ്.
*** *** ***
അധ്വാനിക്കുന്ന വര്‍ഗവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് സോഷ്യലിസം. കേരളത്തില്‍ അധ്വാനവര്‍ഗത്തെപ്പോലെ തന്നെ ചേരിയും എം.പി സ്ഥാനവുമായൊക്കെ ബന്ധപ്പെട്ടു കടുത്ത പ്രതിസന്ധി നേരിടുകയാണ്. അവിടെയും സോഷ്യലിസ്റ്റ് ആചാര്യന്റെയും മകന്റെയുമൊക്കെ പാര്‍ലമെന്ററി പദവികള്‍ പ്രശ്‌നത്തിലാണ്. അധ്വാനവര്‍ഗത്തില്‍ മകന്റെ പാര്‍ലമെന്റ് അംഗത്വമാണ് പ്രധാന പ്രശ്‌നമെങ്കില്‍ സോഷ്യലിസത്തില്‍ പിതാവിന്റെ പാര്‍ലമെന്റ് അംഗത്വവും മകന്റെ എ.എല്‍.എ സ്ഥാനവുമാണ് വലിയ സൈദ്ധാന്തിക പ്രശ്‌നം. യു.ഡി.എഫിന്റെ കൂടെ നിന്നാണ് രാജ്യസഭാംഗത്വം നേടിയത്. നേരത്തെ ദേശീയ പാര്‍ട്ടിയാകാനുള്ള ആവേശത്തില്‍ ഇടക്കാലത്ത് രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധരുടെ വലിയ പ്രതീക്ഷയായിരുന്ന ദേശീയനേതാവിന്റെ പാര്‍ട്ടിയില്‍ പോയി ലയിച്ചതാണ് പുലിവാലായത്. നേതാവ് പാര്‍ട്ടിയുടെ അഡ്രസും കൊണ്ട് ബി.ജെ.പി ചേരിയിലേക്കു പോയി. എം.പി സ്ഥാനത്തു നേതാവിനു തുടരണമെങ്കില്‍ പാര്‍ലമെന്റില്‍ കൈപൊക്കേണ്ടി വരും.
എന്നാല്‍, കേരളത്തിലെ സോഷ്യലിസത്തിന് അധ്വാനവര്‍ഗത്തെപ്പോലെ അത്ര എളുപ്പത്തില്‍ ഫാസിസത്തെ സ്വീകരിക്കാനാവില്ല. പ്രത്യേകിച്ച് ഫാസിസത്തിന്റെ ആജന്മ ശത്രുവിന്റെ ഇമേജ് ഉണ്ടാക്കിവച്ച പിതാവിന്. മാത്രമല്ല അവരോടൊപ്പം കൂടിയിട്ട് വലിയ കാര്യവുമില്ല. അതുകൊണ്ട് നാളെ, മറ്റന്നാള്‍ എന്നൊക്കെ പറഞ്ഞ് കുറച്ചുദിവസം കാത്തിരുന്ന് ഒടുവില്‍ ഗത്യന്തരമില്ലാതെ രാജ്യസഭാംഗത്വം രാജിവച്ചു. ഇനിയിപ്പോള്‍ യു.ഡി.എഫിനൊപ്പം നിന്ന് എം.പി സ്ഥാനം തിരിച്ചുപിടിക്കാനാവില്ല. അതിനുള്ള ശേഷി ഇപ്പോള്‍ നിയമസഭയില്‍ മുന്നണിക്കില്ല. മറുപക്ഷത്താണെങ്കില്‍ എ.കെ.ജി സെന്ററില്‍ നിന്ന് പ്രലോഭനം വരുന്നുമുണ്ട്. കൂടെ കൂടിയാല്‍ എം.പി സ്ഥാനം കിട്ടിയേക്കും. എന്നാല്‍, അത്ര എളുപ്പത്തില്‍ അങ്ങോട്ടു പോകാനാവില്ല.
അധ്വാനവര്‍ഗത്തില്‍ കുഴപ്പക്കാര്‍ ജോസഫുമാരാണെങ്കില്‍ സോഷ്യലിസത്തിലെ കുഴപ്പക്കാര്‍ മോഹനന്‍മാരാണ്. ആചാര്യനും പുത്രനും ഇടത്തോട്ടു പോയാല്‍ മോഹനപക്ഷം പിളര്‍ന്ന് യു.ഡി.എഫിലേക്കു പോകും. പിന്നെ സോഷ്യലിസം കല്‍പറ്റയിലും കോഴിക്കോട്ട് പത്രം ഓഫീസിന്റെ പരിസരത്തും മാത്രമായി അവശേഷിക്കും. സോഷ്യലിസത്തെ ഒറ്റയ്ക്കു താങ്ങി നടക്കാനുള്ള കെല്‍പ് ഇപ്പോള്‍ പിതാവിനും പുത്രനുമില്ല. അധ്വാനവര്‍ഗത്തിനും സോഷ്യലിസത്തിനും ഒരേകാലത്ത് ഇങ്ങനെ ഒരു ശനിദശ വരുമെന്ന് മാര്‍ക്‌സോ ലോഹ്യയോ ഒന്നും പ്രതീക്ഷിച്ചുകാണില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."