ഇടുക്കി ജില്ലാ പ്രസിഡന്റടക്കം ജനതാദള്‍ (യു) നേതാക്കളും അണികളും സി.പി.എമ്മിലേക്ക്
തൊടുപുഴ: പ്രസിഡന്റടക്കം ജനതാദള്‍(യു) ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടി വിട്ടു. സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു യു.ഡി.എഫ്് വിടണമെന്നു തീരുമാനിച്ച പാര്‍ട്ടിയെ കൃഷിമന്ത്രിയായിരുന്ന കെ.പി മോഹനനെതിരേയുള്ള അഴിമതികള്‍ കാണിച്ചു വിരട്ടി ഉമ്മന്‍ചാണ്ടി ഒപ്പം നിര്‍ത്തുകയായിരുന്നെന്നു ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് ആരോപിച്ചു.
12 ജില്ലാ കമ്മിറ്റികളും യു.ഡി.എഫ് വിടണമെന്ന് നിര്‍ദേശിച്ചിട്ടും കെ.പി മോഹനു സ്വാധീനമുളള കണ്ണൂര്‍, കോഴിക്കാട് ജില്ലാ കമ്മിറ്റികളുടെ സമ്മര്‍ദത്തിന് പാര്‍ട്ടി നേതൃത്വം വഴങ്ങുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഒരു വിഭാഗം നേതാക്കളുടെ നിയന്ത്രണത്തിലാണ്. പാര്‍ട്ടി അണികളുടെ വികാരം നേതൃത്വം ഉള്‍ക്കൊള്ളുന്നില്ല.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തിന്റെ പേരില്‍ എല്‍.ഡി.എഫ് വിട്ട പാര്‍ട്ടിക്ക് അതിനേക്കാള്‍ ക്രൂരമായ അനുഭവങ്ങളാണ് യു.ഡി.എഫില്‍നിന്ന് ഉണ്ടായതെന്നും തുടര്‍ന്നു നടന്ന പഞ്ചായത്ത്, പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്നില്‍നിന്നു കുത്തി തോല്‍പ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 22 പേരാണ് സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലയിലെ മുവായിരത്തോളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതായി കോയ അമ്പാട്ട് അറിയിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. മോഹനന്‍, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി ബിജു ചേലമല, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അന്ത്രു അടിമാലി, ജെയിസ് പാലപ്പുറം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പാര്‍ട്ടിയില്‍ കൂട്ട രാജി
കോട്ടയം: ജനതാദള്‍ (യു)വില്‍നിന്നു രാജിവച്ചു ഒട്ടേറെ പ്രവര്‍ത്തകര്‍ ജെ.ഡി.എസില്‍ ചേരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും യുവ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ രാജീവ് നെല്ലിക്കുന്നേല്‍, ഇടുക്കി ജില്ലാ സെക്രട്ടറി എ.വി ഖാലിദ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറിനും സുരേന്ദ്രന്‍പിള്ളയ്ക്കുമേറ്റ കനത്ത തോല്‍വിക്കു കാരണക്കാര്‍ കോണ്‍ഗ്രസാണെന്നിരിക്കെ ഇനി യു.ഡി.എഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ വ്യക്തമാക്കി. കെ.പി മോഹനും മനയത്ത് ചന്ദ്രനുംവേണ്ടി പാര്‍ട്ടി നയങ്ങള്‍പോലും അട്ടിമറിക്കാന്‍ നേതൃത്വം തയാറായി. ഈ തീരുമാനം പാര്‍ട്ടിയെ ശിഥിലമാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ രാജീവ് നെല്ലിക്കുന്നേല്‍, എ.വി ഖാലിദ്, വി.പി സെല്‍വന്‍, കെ.എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."