സി.പി.എമ്മിന്റെ പലിശരഹിത ബാങ്ക്: രജിസ്‌ട്രേഷന്‍ സംബന്ധിച്ചും ആശങ്ക
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തില്‍ കണ്ണൂരില്‍ തുടക്കമിട്ട പലിശരഹിത ബാങ്കായ ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചും ആശയക്കുഴപ്പം. സഹകാരികള്‍ക്കെന്നപോലെ സഹകരണ വകുപ്പിനും ഇതുസംബന്ധിച്ച് ആശയക്കുഴപ്പമാണുള്ളത്. പലിശരഹിത ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഉദ്ഘാടനച്ചടങ്ങില്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമാക്കി സഹകരണ സൊസൈറ്റികള്‍ ആരംഭിക്കരുതെന്ന് സഹകരണ ചട്ടത്തിലുണ്ട്. എന്നാല്‍, ഇതു ലംഘിച്ചാണ് സി.പി.എം ഇസ്‌ലാമിക ബാങ്കിന്റെ രീതിയില്‍ പലിശരഹിത ബാങ്ക് ആരംഭിക്കുന്നതെന്നാണ് ആരോപണം. അതിനാല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകാനിടയുണ്ട്. അതേസമയം, രജിസ്‌ട്രേഷന്‍ നടത്താത്ത ഒരു സൊസൈറ്റിയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രിയെകൊണ്ട് നിര്‍വഹിപ്പിച്ചതെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയിട്ടുമുണ്ട്.
സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നിട്ടും സ്ഥാപനത്തിന് വെബ്‌സൈറ്റ് തുടങ്ങാനോ ആരൊക്കെയാണ് ഡയരക്ടര്‍മാരെന്ന് വ്യക്തമാക്കാനോ ബൈലോ എന്താണെന്നുപറയാനോ സി.പി.എം തയാറായിട്ടില്ലെന്നത് ദുരൂഹതക്കിടയാക്കുന്നുണ്ട്. ആദ്യമായിട്ടാണ് സി.പി.എം നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ച ഒരു സ്ഥാപനത്തിന് തുടക്കത്തിലേ ഈ അവസ്ഥയുണ്ടായത്. നേരത്തേ പാപ്പിനിശ്ശേരിയില്‍ കണ്ടല്‍പാര്‍ക്ക് ആരംഭിച്ചപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ക്ക് തുടങ്ങുകയും പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയുമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ സി.പി.എമ്മിന് കണ്ടല്‍പാര്‍ക്ക് പൂട്ടേണ്ടിവന്നു. സമാനസാഹചര്യം പലിശരഹിത ബാങ്കിന്റെ കാര്യത്തിലും ഉണ്ടാകുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."