വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശപ്രകാരം ചോദ്യംചെയ്യലിനായി തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരായിരുന്നു.
തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2016ല്‍ പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. രാവിലെ 10.30ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായ ഫഹദിനെ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറോളം ചോദ്യംചെയ്തു. പുതുച്ചേരിയിലെ പുതുപ്പേട്ട് ലോസ് പേട്ട് എന്ന സ്ഥലത്തെ വ്യാജ വിലാസത്തില്‍ ഫഹദ് ബെന്‍സ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തുകയും കേരളത്തില്‍ വാഹനം ഉപയോഗിച്ചുവരികയുമായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഫഹദ് സമ്മതിച്ചു. നിയമവശങ്ങള്‍ അറിയില്ലായിരുന്നുവെന്നും മൊഴിനല്‍കി.
2015ല്‍ ഒന്നരക്കോടി വിലവരുന്ന മറ്റൊരു കാറും ഫഹദ് പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഫഹദ് കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തിലും അന്‍പതിനായിരം രൂപ ബോണ്ടിലുമാണ് ഫഹദിനെ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ഫഹദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഫഹദ് അഞ്ചുദിവസത്തിനകം തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അതിനിടെ, ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡീലര്‍മാരെയും കേസില്‍ പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഫഹദിന് കാര്‍ വിറ്റ ഡല്‍ഹിയിലെയും ബംഗളൂരുവിലെയും ഡീലര്‍മാരെയാണ് പ്രതി ചേര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."