തെരുവുനായശല്യം തടയേണ്ടത് പഞ്ചായത്തുകള്‍: ഹൈക്കോടതി
കൊച്ചി: പഞ്ചായത്ത് രാജ് നിയമപ്രകാരം തെരുവുനായശല്യം തടയേണ്ടതു പഞ്ചായത്തുകളാണെന്നും അവയുടെ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്തിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി. തെരുവുനായയുടെ കടിയേറ്റയാള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവിനെതിരേ തൃശൂര്‍ ജില്ലയിലെ പൊറത്തിശേരി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മാപ്രാണം സ്വദേശിയും അങ്കമാലി എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളിയുമായ അന്തോണിക്ക് 2003 ജൂണ്‍ 18നു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലാക്കിയെങ്കിലും ഇവിടെ ആന്റി റാബീസ് വാക്‌സിനില്ലാത്തതിനാല്‍ കോയമ്പത്തൂരില്‍നിന്ന് വാങ്ങേണ്ടിവന്നു. തനിക്കു നേരിട്ട മനഃപ്രയാസവും ചികിത്സാചെലവുമൊക്കെ കണക്കാക്കി 30,000 രൂപ പഞ്ചായത്ത് നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് അന്തോണി ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു.
പൊറത്തിശേരി പഞ്ചായത്തില്‍ 30 പേരെ തെരുവുനായ അക്രമിച്ചെന്നും ഇവര്‍ക്ക് 500 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെന്നും പഞ്ചായത്ത് അധികൃതര്‍ ഇതിനു മറുപടി നല്‍കി. കൂടുതല്‍ സഹായത്തിനു സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും പഞ്ചായത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് മുന്‍സിഫ് കോടതി പരാതി തള്ളി. ഇതിനെതിരേ അന്തോണി പ്രിന്‍സിപ്പല്‍ സബ് കോടതിയെ സമീപിച്ചപ്പോള്‍ 30,000 രൂപ ആറു ശതമാനം വാര്‍ഷിക പലിശയുള്‍പ്പെടെ നല്‍കാന്‍ ഉത്തരവിട്ടു.
ഇതിനെതിരേയാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. തെരുവുനായയുടെ ശല്യത്തില്‍നിന്നു പ്രദേശവാസികളെ രക്ഷിക്കാന്‍ പഞ്ചായത്തിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."