ഏതെങ്കിലും പാര്‍ട്ടി മുന്നണിവിട്ടാല്‍ യു.ഡി.എഫ് അപ്രസക്തമാകില്ല: കെ.പി.എ മജീദ്
തൃശൂര്‍: ഏതെങ്കിലും പാര്‍ട്ടി മുന്നണിവിട്ടാല്‍ യു.ഡി.എഫ് സംവിധാനം അപ്രസക്തമാകില്ലെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ലീഗ് തൃശൂര്‍ ജില്ലാ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യത്തോടെനിന്നാല്‍ ഭരണത്തില്‍ തിരിച്ചുവരികയെന്നത് അസാധ്യമല്ല. യു.ഡി.എഫ് ഒരു ഉപചാര സംവിധാനമായി മാറാന്‍ അനുവദിച്ചുകൂട. ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ എന്‍.ഡി.എ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കം കേരളത്തിലടക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ, തീവ്രവാദ ആരോപണങ്ങള്‍ നടത്തി മുസ്‌ലിം സമൂഹത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം പല കോണുകളിലും നടക്കുന്നുണ്ട്. ഐ.എസിനു മതവുമായി യാതൊരു ബന്ധവുമില്ല. മുസ്‌ലിംവിരുദ്ധ ശക്തിയാണ് അതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍നിന്ന് ഉന്നത വിദ്യഭ്യാസംതേടി പുറത്തുപോകുന്ന പലരും ഇവരുടെ വലയില്‍പ്പെട്ടെന്ന വാര്‍ത്തയുടെ സത്യം പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷനായി. മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, ടി.എ സലീം, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് കോക്കൂര്‍, പ്രവാസി ലീഗ് നേതാക്കളായ ഹനീഫ മുന്നിയൂര്‍, ജലീല്‍ വലിയകത്ത്, എസ്.ടിയു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, ഇ.പി ഖമറുദ്ദീന്‍, എം.പി കുഞ്ഞിക്കോയ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."