ഓഖി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. സംഘം ഇന്ന് തിരുവനന്തപുരത്തെ മറ്റു പ്രദേശങ്ങളിലും നാളെ കൊല്ലത്തും സന്ദര്‍ശനം നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള അഡീഷനല്‍ സെക്രട്ടറി ബിപിന്‍ ബിഹാറി മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നായി പിരിഞ്ഞാണ് സന്ദര്‍ശനം നടത്തുന്നത്. മൂന്നുപേരടങ്ങിയ സംഘം തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും രണ്ടുപേരടങ്ങിയ സംഘം ആലപ്പുഴ, എറണാകുളം ജില്ലകളിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘം പൂന്തുറയിലാണ് ആദ്യമെത്തിയത്. മല്ലിക്കിനെ കൂടാതെ കേന്ദ്ര ഫിഷറീസ് അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്ഡൈ, ആഭ്യന്തര മന്ത്രാലയം ടെക്‌നിക്കല്‍ ഓഫിസര്‍ ഓം പ്രകാശ് എന്നിവരാണ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കുന്നത്.
ഇന്നലെ പൂന്തുറയിലെത്തി ലത്തീന്‍ സഭാ അധികൃതരുമായും ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇടവക പ്രതിനിധികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീരപ്രദേശവും മത്സ്യത്തൊഴിലാളികളുടെ വീടുകളും സംഘം സന്ദര്‍ശിച്ചു. തകര്‍ന്ന ബോട്ടുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും മൂല്യം വിലയിരുത്തി. മടങ്ങിവരാത്ത ബോട്ടുകളുടെ കണക്കും ശേഖരിച്ചു.
തിരുവനന്തപുരത്ത് ഇന്നലെ രാവിലെ എത്തിയ കേന്ദ്രസംഘം റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശേഖര്‍ കുര്യാക്കോസ്, തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി, കൊല്ലം കലക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു പൂന്തുറയിലെത്തിയത്.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ഡയറക്ടര്‍ എം.എം ദാക്‌തേ, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍.പി സിങ്, ഷിപ്പിങ് സെക്രട്ടറി ചന്ദ്രമണി റാവുത്ത് എന്നിവര്‍ തൃശുര്‍, മലപ്പുറം ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി, കുടിവെള്ള മന്ത്രാലയം അസി.അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവരടങ്ങിയ സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലുമാണ് സന്ദര്‍ശനം നടത്തുന്നത്. തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ചെല്ലാനവും ഉച്ചയ്ക്കു ശേഷം മുനമ്പവും വൈപ്പിനും സന്ദര്‍ശിക്കും.
മൂന്നു സംഘങ്ങളും പര്യടനം നടത്തിയതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കാണും. 29നായിരിക്കും ഈ കൂടിക്കാഴ്ച. 7,340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസംഘത്തിന്റെ ശുപാര്‍ശയ്ക്കനുസരിച്ചായിരിക്കും പാക്കേജ് നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."