രാഹുല്‍ ഗാന്ധി ജനുവരി 8ന് ബഹ്റൈനിലെത്തുന്നു
മനാമ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്റൈനിലെത്തുന്നു. 2018 ജനുവരി 8ന് ബഹ്റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ നടക്കുന്ന ഒരു കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് പ്രധാനമായും രാഹുല്‍ ഗാന്ധി ബഹ്റൈനിലെത്തുന്നത്.
ന്യൂയോര്‍ക് ആസ്ഥാനമായ ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒര്ജിനാണ് കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് പ്രവാസി ഇന്ത്യക്കാരുമായി അദ്ദേഹം സംവദിക്കും. കൂടാതെ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനം എന്ന നിലയില്‍ ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ബഹ്റൈന്‍ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ബഹ്റൈന്‍ സന്ദര്‍ശനം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടാക്കിയ ആവേശം അടങ്ങും മുന്‍പാണ് രാഹുലിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ രാഹുലിന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ്സ് അനുകൂല സംഘടനകളുടെ കീഴിലും നടക്കുന്നുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന പരമാവധി പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാനും കൂടുതല്‍ പ്രവാസികളുമായി സംവദിക്കാനുമുള്ള അവസരങ്ങളൊരുക്കാനും സംഘാടകര്‍ ശ്രമിക്കും.
ഇതിന്റെഭാഗമായി വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് സ്വാഗതമോതുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തി എന്നതും കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുത്തിനു ശേഷമുള്ള പ്രഥമ ഗള്‍ഫ് സന്ദര്‍ശനം ബഹ്റൈനിലേക്കായി എന്നതും പരിഗണിച്ച് ദേശീയ അധ്യക്ഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
അതിനിടെ, ബഹ്റൈനു ശേഷം യു.എ.ഇ സന്ദര്‍ശനം കൂടി നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും അവസാനം അതു നീട്ടിവെച്ചതായാണ് റിപ്പോര്‍ട്ട്. 2018 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുന്നതുകൊണ്ടാണ് പ്രസ്തുത സന്ദര്‍ശനം നീട്ടിവെച്ചതെന്നും രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വൈകാതെ ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."