ദേശീയ പണിമുടക്ക്; ബി.എം.എസ് വിട്ടുനില്‍ക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍ അടുത്തമാസം രണ്ടിനു രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍നിന്നു ബി.എം.എസ് വിട്ടുനില്‍ക്കും. തുടക്കത്തില്‍ സമരത്തോട് അനുകൂല നിലപാട് സ്വീകരിച്ച സംഘപരിവാര തൊഴിലാളി സംഘടനയായ ബി.എം.എസ്, ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സമരവുമായി സഹകരിക്കുന്നില്ലെന്ന് അറിയിച്ചത്. ഇന്നലെ രാത്രിയോടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളോടുള്ള എതിര്‍പ്പ് ബി.എം.എസ് അറിയിച്ചു. ഞായറാഴ്ച സമാപിച്ച ബി.എം.എസിന്റെ മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുന്നതിനോട് നേതാക്കള്‍ താല്‍പര്യക്കുറവും അറിയിച്ചിരുന്നു.
എന്നാല്‍, പണിമുടക്കുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, എച്ച്.എം.എസ്, എസ്.ഇ.ഡബ്ലിയു.എ, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നീ സംഘടനകളാണ് പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് ബി.എം.എസ് ആദ്യം പിന്തുണനല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."