'ജനാധിപത്യത്തില്‍ അവസാന വാക്ക് ആരുടേത്'- കെജ്‌രിവാള്‍- ലഫ്റ്റനന്റ് ഗവര്‍ണര്‍ പോര് തുടരുന്നു
ന്യൂഡല്‍ഹി: പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്ത് അവസാന വാക്ക് ആരുടേതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റേതാണോ ഗവര്‍ണറുടേതാണോ അവസാന വാക്കെന്നാണ് കെജ്‌രിവാളിന്റെ ചോദ്യം.
സാമൂഹിക സേവനങ്ങള്‍ വീട്ടു വാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിക്കെതിരെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ചോദ്യമുന്നയിച്ചിരിക്കുന്നത്.
നേരത്തെ, കെജ്‌രിവാള്‍ സര്‍ക്കാറിന്റെ പദ്ധതി നിര്‍ദേശം ഗവര്‍ണര്‍ തള്ളിയിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള നിര്‍ദേശമാണ് ഗവര്‍ണര്‍ തള്ളിയത്. ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ടതെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അഴിമതിരഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെക്കുന്നതിനുള്ള സര്‍ക്കാറിന്റെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ വീറ്റോ അധികാരമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."